എൻഡോമെട്രിയോസിസ് അതിവേഗം കണ്ടെത്താം: യുകെയിൽ വിപ്ലവകരമായ പുതിയ പരിശോധനകൾക്ക് അനുമതി
എൻഡോമെട്രിയോസിസ് വേഗത്തിൽ കണ്ടെത്താൻ എൻഡോഷൂർ, എൻഡോടെസ്റ്റ് പരിശോധനകൾ ഇംഗ്ലണ്ടിലും വെയിൽസിലും എൻഎച്ച്എസിൽ ലഭ്യമാക്കാൻ അനുമതി.
ലണ്ടൻ : സ്ത്രീകളെ വലയ്ക്കുന്ന കഠിനമായ എൻഡോമെട്രിയോസിസ് രോഗം വളരെ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്ന രണ്ട് പുതിയ പരിശോധനകൾ ഇംഗ്ലണ്ടിലെയും വെയിൽസിലെയും നാഷണൽ ഹെൽത്ത് സർവീസിൽ ലഭ്യമാക്കാൻ അനുമതി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് ആണ് എൻഡോഷൂർ, എൻഡോടെസ്റ്റ് എന്നീ പരിശോധനാ രീതികൾക്ക് അംഗീകാരം നൽകിയത്. ശരിയായ രോഗനിർണയത്തിനായി വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന ലക്ഷക്കണക്കിന് സ്ത്രീകൾക്ക് വലിയ ആശ്വാസം പകരുന്നതാണ് ഈ തീരുമാനം. ഗർഭാശയത്തിന് പുറത്തുള്ള ഭാഗങ്ങളിൽ ഗർഭാശയ പാളിയോട് സാമ്യമുള്ള തന്തുക്കൾ വളരുന്ന ഈ അവസ്ഥ പ്രജനന പ്രായത്തിലുള്ള പത്തിൽ ഒരാൾക്ക് വീതം ബാധിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ അൾട്രാസൗണ്ട് സ്കാൻ, എംആർഐ, ലാപ്രോസ്കോപ്പി തുടങ്ങിയ സങ്കീർണ്ണമായ മാർഗങ്ങളാണ് ഈ രോഗനിർണയത്തിനായി ഉപയോഗിക്കുന്നത്. ഇതുമൂലം യുകെയിൽ ഒരു സ്ത്രീക്ക് ഈ രോഗം സ്ഥിരീകരിക്കാൻ ശരാശരി ഒൻപത് വർഷത്തിലധികം സമയമെടുക്കുന്നുണ്ടെന്ന് നൈസ് വ്യക്തമാക്കുന്നു. എന്നാൽ പുതിയ സംവിധാനങ്ങൾ ഈ കാലതാമസം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. ഇതിൽ എൻഡോടെസ്റ്റ് വഴി സ്ത്രീകളുടെ ഉമിനീർ സാമ്പിൾ ശേഖരിച്ച് ജൈവ സൂചനകൾ പരിശോധിച്ചാണ് രോഗസാധ്യത കണ്ടെത്തുന്നത്. വയറിന് മുകളിൽ ഘടിപ്പിക്കുന്ന സെൻസർ പാഡുകൾ വഴി കുടലിലെ വൈദ്യുത സിഗ്നലുകൾ അളന്ന് രോഗസാധ്യത കണ്ടെത്തുന്ന രീതിയാണ് എൻഡോഷൂർ. ഈ പരിശോധനയ്ക്ക് വെറും 45 മിനിറ്റ് മാത്രമാണ് ആവശ്യമുള്ളത്.
പ്രാഥമിക ഘട്ടത്തിൽ രോഗനിർണയം വേഗത്തിലാക്കാനുള്ള ഒരു സഹായ സംവിധാനമായാണ് ഈ രണ്ട് ടെസ്റ്റുകളും എൻഎച്ച്എസിൽ ഉപയോഗിക്കുക. ആദ്യ ഘട്ടത്തിൽ മൂന്ന് വർഷത്തേക്കാണ് ഇതിന് താൽക്കാലിക അനുമതി നൽകിയിരിക്കുന്നത്. ഈ മൂന്ന് വർഷത്തെ കാലയളവിൽ രോഗികളിൽ നിന്നുള്ള കൂടുതൽ തെളിവുകളും ഫലങ്ങളും ശേഖരിച്ച ശേഷമായിരിക്കും ഇത് സ്ഥിരമായി എൻഎച്ച്എസിൽ നിലനിർത്തണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. കടുത്ത മാസവേദന, ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴുള്ള വേദന, മലമൂത്രവിസർജ്ജന സമയത്തെ പ്രയാസങ്ങൾ എന്നിവയാണ് എൻഡോമെട്രിയോസിസിന്റെ പ്രധാന ലക്ഷണങ്ങൾ.
English Summary: Two rapid tests have been approved on the NHS to speed up endometriosis diagnosis for women.
