ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 3.75 ശതമാനത്തിൽ തന്നെ നിലനിർത്തി; ഉയർന്ന ഊർജവില ആശങ്കയായി തുടരുന്നു

Jun 19, 2026 - 17:30
 0
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 3.75 ശതമാനത്തിൽ തന്നെ നിലനിർത്തി; ഉയർന്ന ഊർജവില ആശങ്കയായി തുടരുന്നു

ലണ്ടൻ : ഉയർന്ന ഊർജവില മൂലം പണപ്പെരുപ്പ സമ്മർദം വീണ്ടും ശക്തമാകുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ യുകെയിലെ അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനത്തിൽ തന്നെ നിലനിർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചു. ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി തുടർച്ചയായ നാലാം യോഗത്തിലാണ് പലിശ നിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്ന ജാഗ്രതാപൂർവമായ നിലപാട് സ്വീകരിച്ചത്. എണ്ണവിലയിൽ അടുത്തിടെ നേരിയ കുറവുണ്ടായെങ്കിലും മുൻ മാസങ്ങളിലെ ഉയർന്ന ഊർജവിലയുടെ സ്വാധീനവും മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയും സമ്പദ്‌വ്യവസ്ഥയെ ഇപ്പോഴും ബാധിക്കുന്നുണ്ടെന്ന് ബാങ്ക് ഗവർണർ ആൻഡ്രൂ ബെയിലി വ്യക്തമാക്കി.

ഇത്തവണത്തെ വോട്ടെടുപ്പിൽ ഒൻപത് അംഗ കമ്മിറ്റിയിലെ ഏഴ് പേരും നിരക്ക് നിലനിർത്തുന്നതിനെ അനുകൂലിച്ചപ്പോൾ രണ്ട് അംഗങ്ങൾ പലിശ നിരക്ക് 4 ശതമാനത്തിലേക്ക് ഉയർത്തണമെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചത്. ഈ വർഷാവസാനത്തോടെ യുകെയിലെ പണപ്പെരുപ്പം 3.25 ശതമാനത്തിലെത്തുമെന്നാണ് ബാങ്കിന്റെ പുതിയ കണക്കുകൂട്ടൽ. ഇത് ബാങ്കിന്റെ ഔദ്യോഗിക ലക്ഷ്യമായ 2 ശതമാനത്തേക്കാൾ ഉയർന്നതാണെന്നതും നിരക്ക് കുറയ്ക്കാതിരിക്കാൻ കാരണമായി. എണ്ണവിലയിലെ അനിശ്ചിതത്വം സാധാരണക്കാരുടെയും ബിസിനസുകളുടെയും ചെലവുകളെ വരും ദിവസങ്ങളിലും ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.

മേയ് മാസത്തിൽ രാജ്യത്തെ പണപ്പെരുപ്പം 2.8 ശതമാനമായി തുടരുകയാണെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഭക്ഷ്യവില വർധനയുടെ വേഗത കുറഞ്ഞത് നേരിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും വരും മാസങ്ങളിൽ ജനങ്ങളുടെ ജീവിതച്ചെലവ് വീണ്ടും ഉയർന്നേക്കാം. ജൂലൈ മുതൽ ഓഫ്ജെമിന്റെ എനർജി പ്രൈസ് ക്യാപ് 13 ശതമാനം ഉയരുന്നതോടെ കുടുംബങ്ങളുടെ ഗ്യാസ്, വൈദ്യുതി ബില്ലുകൾ വർധിക്കും. ഇതിനൊപ്പം രണ്ട് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് ശരാശരി നിരക്ക് 5.59 ശതമാനമായും അഞ്ച് വർഷത്തെ നിരക്ക് 5.57 ശതമാനമായും ഉയർന്നത് വീടുവാങ്ങുന്നവർക്കും വായ്പ പുതുക്കുന്നവർക്കും വലിയ ആശങ്കയായി മാറിയിരിക്കുകയാണ്.

The Bank of England has kept the UK interest rates unchanged at 3.75% due to persistent inflation risks driven by high energy prices and economic uncertainty.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.