കിയർ സ്റ്റാർമർ രാജി പ്രഖ്യാപിച്ചു; പിൻഗാമിയാകാൻ ആൻഡി ബേൺഹാം രംഗത്ത്

Jun 22, 2026 - 12:40
 0
കിയർ സ്റ്റാർമർ രാജി പ്രഖ്യാപിച്ചു; പിൻഗാമിയാകാൻ ആൻഡി ബേൺഹാം രംഗത്ത്

ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ പ്രധാനമന്ത്രി പദവും ലേബർ പാർട്ടി നേതൃസ്ഥാനവും ഒഴിയുന്നതായി പ്രഖ്യാപിച്ചതോടെ യുകെ രാഷ്ട്രീയം നിർണായക വഴിത്തിരിവിലേക്ക്. ഡൗണിംഗ് സ്ട്രീറ്റിന് മുന്നിൽ നടത്തിയ വികാരനിർഭരമായ പ്രസംഗത്തിൽ, പ്രധാനമന്ത്രിയായത് തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമായിരുന്നുവെന്ന് സ്റ്റാർമർ പറഞ്ഞു. പാർട്ടിയുടെ പിന്തുണ ഇനി പഴയപോലെ ഇല്ലെന്ന യാഥാർത്ഥ്യം അംഗീകരിക്കുന്നുവെന്നും, നല്ല മനസ്സോടെ തീരുമാനം സ്വീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭാര്യ വിക്‌ക്കും മക്കൾക്കും നന്ദി പറഞ്ഞ സ്റ്റാർമർ, ഇനി കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു.

സ്റ്റാർമറുടെ പ്രഖ്യാപനത്തിന് പിന്നാലെ, ഗ്രേറ്റർ മാഞ്ചസ്റ്റർ മുൻ മേയറും മേക്കർഫീൽഡ് ഉപതിരഞ്ഞെടുപ്പിലൂടെ വീണ്ടും പാർലമെന്റിലേക്ക് എത്തിയ ആൻഡി ബേൺഹാം ലേബർ നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സ്ഥിരീകരിച്ചു. രാജ്യത്തിന് ഇപ്പോൾ ആവശ്യമുള്ളത് സ്ഥിരതയും ഉത്തരവാദിത്വമുള്ള മാറ്റവുമാണെന്ന് ബേൺഹാം പ്രതികരിച്ചു. സാമ്പത്തിക വളർച്ച, ജീവിതച്ചെലവ്, പൊതു സേവനങ്ങൾ, ഭവന പ്രതിസന്ധി, യുവതലമുറയുടെ അവസരങ്ങൾ എന്നിവയ്ക്കാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സ്റ്റാർമർ സർക്കാരിൽ നിന്ന് കഴിഞ്ഞ മാസം രാജിവെച്ച മുൻ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, താൻ മത്സരരംഗത്തില്ലെന്നും ബേൺഹാമിനെ പിന്തുണയ്ക്കുമെന്നും പ്രഖ്യാപിച്ചു. ഇതോടെ ലേബർ നേതൃമത്സരം തുടങ്ങും മുമ്പേ ബേൺഹാമിന് വലിയ മുൻതൂക്കം ലഭിച്ചെന്ന വിലയിരുത്തലാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ നടത്തുന്നത്.

പുതിയ ലേബർ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ സ്റ്റാർമർ പ്രധാനമന്ത്രിയായി തുടരുമെന്നാണ് നിലവിലെ തീരുമാനം. പാർലമെന്റ് സെപ്റ്റംബറിൽ വീണ്ടും ചേരുന്നതിന് മുമ്പ് പുതിയ നേതാവിനെ തെരഞ്ഞടുക്കാനാണ് ലേബർ പാർട്ടിയുടെ നീക്കം. ഒരേയൊരു സ്ഥാനാർഥിയിലേക്ക് പാർട്ടി വേഗത്തിൽ ഏകോപിച്ചാൽ അധികാര കൈമാറ്റം അതിനും മുമ്പ് നടക്കാൻ സാധ്യതയുണ്ട്. സ്റ്റാർമറുടെ രാജിയോട് പ്രതികരിച്ച് വിവിധ കാബിനറ്റ് മന്ത്രിമാർ അദ്ദേഹത്തിന്റെ സേവനങ്ങളെ പ്രശംസിച്ചപ്പോൾ, പ്രതിപക്ഷ പാർട്ടികൾ രാജ്യത്ത് വീണ്ടും നേതൃമാറ്റം സംഭവിക്കുന്നതിനെ വിമർശിച്ചു. സ്കോട്ടിഷ് നാഷണലിസ്റ്റുകൾ ഈ മാറ്റം ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ അസ്ഥിരതയുടെ ഉദാഹരണമാണെന്ന് ആരോപിക്കുകയും ചെയ്തു. എന്നാൽ സാമ്പത്തിക വിപണികളിൽ വലിയ ചലനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

Keir Starmer has announced his resignation as UK Prime Minister, with Andy Burnham emerging as the leading contender to replace him.

Shajan Abraham Shajan Abraham is the Editor of UK Malayali News and an Associate Member of the National Union of Journalists. He focuses on UK community news, immigration updates, social issues, NHS-related developments, and digital news content for the Malayali diaspora in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.