വരൾച്ചയിൽ നിന്ന് കരകയറാൻ ഇംഗ്ലണ്ടിന് ഇനിയും വേണം ഏഴ് മാസത്തെ കനത്ത മഴ
England will need at least seven months of above-average relentless rain to fully recover from its widespread drought conditions, according to the Environment Agency.
ലണ്ടൻ : ഇംഗ്ലണ്ടിൽ രൂക്ഷമായി തുടരുന്ന വരൾച്ച പൂർണ്ണമായി മാറണമെങ്കിൽ കുറഞ്ഞത് ഏഴ് മാസമെങ്കിലും നിർത്താതെ ശക്തമായ മഴ പെയ്യേണ്ടിവരുമെന്ന് പരിസ്ഥിതി ഏജൻസിയുടെ പുതിയ പഠനം. വസന്തകാലത്തും വേനൽക്കാലത്തും ഉണ്ടായ കടുത്ത ചൂടിനും മഴക്കുറവിനും ശേഷം സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ ചിലയിടങ്ങളിൽ മഴ ലഭിച്ചെങ്കിലും രാജ്യത്തിന്റെ മുക്കാൽ ഭാഗവും ഇപ്പോഴും വരൾച്ചയുടെ പിടിയിലാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജലസംഭരണികളിലും നദികളിലും അടിത്തട്ടോളം വെള്ളം താഴ്ന്ന നിലയിലാണെന്നും ഒറ്റപ്പെട്ട കനത്ത മഴ കൊണ്ട് ഈ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
2027 വസന്തകാലത്തോടെ എല്ലാ പ്രദേശങ്ങളും പൂർണ്ണമായി സാധാരണ നിലയിലേക്ക് എത്തണമെങ്കിൽ അടുത്ത ഏഴ് മാസങ്ങളിൽ ശരാശരിയേക്കാൾ വളരെ കൂടുതൽ മഴ ലഭിക്കേണ്ടതുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വരുന്ന മാസങ്ങളിൽ കൂടുതൽ മഴ പ്രവചിക്കുന്നുണ്ടെങ്കിലും ഡെവൺ, കോൺവാൾ, ഈസ്റ്റ് ആംഗ്ലിയ തുടങ്ങിയ മേഖലകളിൽ അടുത്ത വർഷം ആദ്യവും ജലക്ഷാമം തുടരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വേനൽക്കാലത്ത് അനുഭവപ്പെട്ട അഞ്ച് ഉഷ്ണതരംഗങ്ങളാണ് (heatwaves) നിലവിലെ സാഹചര്യം ഇത്രയധികം വഷളാക്കിയത്.
അടുത്തിടെ ലഭിച്ച മഴ ഉപയോഗിച്ചു തീർത്ത വെള്ളത്തിന് പകരമാവാൻ ഒട്ടും പര്യാപ്തമല്ലെന്ന് ബ്രിട്ടീഷ് ജലവിഭവ വകുപ്പ് മന്ത്രി എമ്മ ഹാർഡി വ്യക്തമാക്കി. ഭൂഗർഭജല നിരപ്പും റിസർവോയറുകളിലെ വെള്ളവും ആശങ്കാജനകമായി കുറഞ്ഞതിനെ തുടർന്ന് രാജ്യത്ത് പലയിടങ്ങളിലും ജലനിയന്ത്രണങ്ങൾ തുടരുകയാണ്. ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനായി ഉപഭോക്താക്കൾ പരമാവധി വെള്ളം കരുതലോടെ ഉപയോഗിക്കണമെന്നും ദീർഘകാല പ്രതിരോധ നടപടികൾ സർക്കാർ വേഗത്തിലാക്കുകയാണെന്നും അധികൃതർ അറിയിച്ചു
