ഡയാനയെക്കുറിച്ച് ചാൾസ് രാജാവ് പറഞ്ഞ വാക്കുകൾ വിവാദത്തിൽ: മറുപടിയുമായി ബക്കിംഗ്ഹാം കൊട്ടാരം
Buckingham Palace has strongly pushed back against claims in Earl Spencer’s upcoming memoir alleging King Charles said the family would "forget" Princess Diana shortly after her death, stating that fraternal grief can cloud memory and reason.
ലണ്ടൻ : ഡയാന രാജകുമാരിയുടെ മരണത്തിന് പിന്നാലെ ചാൾസ് രാജാവ് ഡയാനയെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചുവെന്ന സഹോദരൻ ഏൾ ചാൾസ് സ്പെൻസറുടെ വെളിപ്പെടുത്തലുകൾക്കെതിരെ അത്യപൂർവ്വ പ്രതികരണവുമായി ബക്കിംഗ്ഹാം കൊട്ടാരം. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന സ്പെൻസറുടെ 'സ്വാൻ സോങ്: ഡയാന, മൈ സിസ്റ്റർ' (Swan Song: Diana, My Sister) എന്ന പുസ്തകത്തിലെ പരാമർശങ്ങളാണ് രാജകുടുംബത്തെ വീണ്ടും പുതിയ വിവാദത്തിലേക്ക് തള്ളിവിട്ടത്. 1997-ൽ പാരീസിൽ വെച്ചുണ്ടായ കാറപകടത്തിൽ ഡയാന മരിച്ചതിന് തൊട്ടുപിന്നാലെ, സംസ്കാര ചടങ്ങുകളെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അന്നത്തെ ചാൾസ് രാജകുമാരൻ ഡയാനയോടുള്ള കടുത്ത അമർഷം പരസ്യമാക്കിയെന്നാണ് പുസ്തകത്തിൽ ആരോപിക്കുന്നത്.
ഡയാനയുടെ സംസ്കാര ഘോഷയാത്രയിൽ ആ സമയത്ത് കൗമാരപ്രായക്കാരായിരുന്ന വില്യം, ഹാരി രാജകുമാരന്മാരെ പങ്കെടുപ്പിക്കുന്നതിനെ സ്പെൻസർ ശക്തമായി എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചാൾസുമായി ഫോണിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായെന്നും, ലോകമെമ്പാടും ഡയാനയ്ക്കായി കണ്ണീരൊഴുക്കുന്നത് കണ്ട് അസഹിഷ്ണുത പൂണ്ട ചാൾസ് "വിഷമിക്കേണ്ട, നമ്മൾ അവരെ അധികം വൈകാതെ തന്നെ മറന്നുകൊള്ളും" എന്ന് ആക്രോശിച്ചെന്നുമാണ് സ്പെൻസർ അവകാശപ്പെടുന്നത്. ഈ വാക്കുകൾ കേട്ട് സ്തബ്ധനായ താൻ ഉടൻ തന്നെ ഫോൺ കട്ട് ചെയ്തതായും ഡയാനയുടെ സഹോദരൻ ഓർത്തെടുക്കുന്നു.
സാധാരണയായി ഇത്തരം ഓർമ്മക്കുറിപ്പുകളോടും പുസ്തകങ്ങളോടും പ്രതികരിക്കാത്ത ബക്കിംഗ്ഹാം കൊട്ടാരം, വിഷയം വലിയ ചർച്ചയായതോടെ ഔദ്യോഗിക പ്രസ്താവനയിറക്കുകയായിരുന്നു. സഹോദരിയുടെ വിയോഗത്തിലുണ്ടായ കടുത്ത ദുഃഖം സ്പെൻസറുടെ യുക്തിചിന്തയെയും ന്യായബോധത്തെയും മങ്ങലേൽപ്പിച്ചിട്ടുണ്ടാകാമെന്നും, കാലങ്ങൾ കഴിഞ്ഞാലും ഇത്തരം ആഘാതങ്ങൾ ഓർമ്മകളെ മറ്റുള്ളവർക്ക് തിരിച്ചറിയാനാവാത്തവിധം മാറ്റിമറിച്ചേക്കാമെന്നും കൊട്ടാരം വക്താവ് വ്യക്തമാക്കി. ഡയാനയുടെ വിയോഗത്തിന്റെ മുപ്പതാം വാർഷികത്തിന് മുന്നോടിയായി സത്യങ്ങൾ തുറന്നെഴുതാനാണ് പുസ്തകം തയ്യാറാക്കിയതെന്നാണ് സ്പെൻസറുടെ വാദം.
