കോമൺവെൽത്ത് ഷോർട്ട് ഫിലിം വേദിയിൽ കേരളത്തിന്റെ ഓട്ടൻതുള്ളൽ
കേരളത്തിന്റെ 300 വർഷം പഴക്കമുള്ള ഓട്ടൻതുള്ളലിന്റെ ആഗോളയാത്ര അവതരിപ്പിക്കുന്ന ‘എക്കോസ് ഓഫ് കേരള’ ഷോർട്ട് ഫിലിം ഗ്ലാസ്ഗോയിൽ പ്രദർശിപ്പിച്ചു.
ലണ്ടൻ : കേരളത്തിന്റെ 300 വർഷം പഴക്കമുള്ള പരമ്പരാഗത കലാരൂപമായ ഓട്ടൻതുള്ളലിന്റെ ആഗോളയാത്ര അവതരിപ്പിക്കുന്ന ‘എക്കോസ് ഓഫ് കേരള’ (Echoes of Kerala) എന്ന ഷോർട്ട് ഫിലിം കോമൺവെൽത്ത് ഷോർട്ട് ഫിലിം പ്രദർശനത്തിന്റെ ഭാഗമായി ഗ്ലാസ്ഗോയിൽ പ്രദർശിപ്പിച്ചു. ജൂലൈ 26ന് ഗ്ലാസ്ഗോയിലെ പിരമിഡ് അറ്റ് ആൻഡേഴ്സ്റ്റൺ ഹാളിൽ നടന്ന പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ട 11 ഷോർട്ട് ഫിലിമുകളിൽ ഒന്നായിരുന്നു ‘എക്കോസ് ഓഫ് കേരള’. സൗത്ത് ഏഷ്യൻസ് ഇൻ സിനിമ കളക്ടീവും മൊമെന്റം ഫിലിംസ് യുകെയും ചേർന്നാണ് പ്രദർശനം സംഘടിപ്പിച്ചത്.
ക്ഷേത്രകലയുടെ പാരമ്പര്യവേദികളിൽനിന്ന് ഓട്ടൻതുള്ളലിനെ രാജ്യാന്തര പ്രേക്ഷകരിലേക്കെത്തിക്കാൻ പ്രശസ്ത കലാകാരൻ മണലൂർ ഗോപിനാഥൻ നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കോമൺവെൽത്ത് ഗെയിംസ് 2026 ഗ്ലാസ്ഗോ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ഗ്ലാസ്ഗോ മേളയിലെ അദ്ദേഹത്തിന്റെ ഓട്ടൻതുള്ളൽ അവതരണവും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മണലൂർ ഗോപിനാഥന്റെ കലാജീവിതം, ഓട്ടൻതുള്ളലിന്റെ സാംസ്കാരിക പ്രാധാന്യം, പുതിയ തലമുറയ്ക്കും രാജ്യാന്തര സമൂഹത്തിനും ഈ കലാരൂപത്തെ പരിചയപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ദൗത്യം എന്നിവ ഷോർട്ട് ഫിലിം അടയാളപ്പെടുത്തുന്നു.
സൗത്ത് ഏഷ്യൻ നെറ്റ്‌വർക്ക് ടിവി — SAN TV UK എഡിറ്റർ രഞ്ജിത്ത് ശങ്കരനാരായണനാണ് ചിത്രം നിർമിച്ചത്. “കേരളത്തിന്റെ പൗരാണിക കലാരൂപങ്ങളെ ആഗോളതലത്തിൽ പിന്തുണയ്ക്കാനും പ്രചരിപ്പിക്കാനും കഴിയുന്നത് വലിയ അഭിമാനമാണ്. രണ്ടുവർഷം മുമ്പ് ഗ്രീസിൽ നടന്ന വേൾഡ് അലയൻസ് ഓഫ് ആർട്സിന്റെ വേദിയിലും ഈ കലാരൂപം അവതരിപ്പിക്കാൻ അവസരം ലഭിച്ചിരുന്നു. ഓട്ടൻതുള്ളലിന്റെ പാരമ്പര്യവും സന്ദേശവും കൂടുതൽ രാജ്യാന്തര പ്രേക്ഷകരിലേക്കെത്തിക്കുകയാണ് ‘എക്കോസ് ഓഫ് കേരള’യിലൂടെ ലക്ഷ്യമിടുന്നത്,” രഞ്ജിത്ത് ശങ്കരനാരായണൻ പറഞ്ഞു.
ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ, വൈവിധ്യമാർന്ന പരമ്പരാഗത കലാരൂപങ്ങളെ യുകെയിലെ വേദികളിലെത്തിക്കുന്നതിനായി SAN TVയും Openfolk CICയും ചേർന്ന് വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണ്. അന്യംനിന്നുപോകാനുള്ള സാധ്യത നേരിടുന്ന കലാരൂപങ്ങളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം അവയുടെ പാരമ്പര്യവും കലാവൈഭവവും അടുത്ത തലമുറയ്ക്ക് പരിചയപ്പെടുത്തുകയും പരിശീലിക്കാനുള്ള അവസരങ്ങൾ ഒരുക്കുകയുമാണ് ലക്ഷ്യം. ഇന്ത്യയും യുകെയും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന് ശക്തമായൊരു വേദിയൊരുക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.
കോമൺവെൽത്ത് ഷോർട്ട് ഫിലിം ഫെസ്റ്റിവലിനെക്കുറിച്ചുള്ള SAN TVയുടെ പ്രത്യേക ഫീച്ചർ അടുത്ത ആഴ്ച പുറത്തിറങ്ങും. ഫെസ്റ്റിവലിലെ ശ്രദ്ധേയമായ ഷോർട്ട് ഫിലിമുകൾ, ചലച്ചിത്ര പ്രവർത്തകർ, പ്രദർശനത്തിന്റെ പ്രധാന നിമിഷങ്ങൾ എന്നിവ ഫീച്ചറിൽ ഉൾപ്പെടുത്തും. കേരളത്തിന്റെ ക്ഷേത്രകലാ പാരമ്പര്യത്തിൽനിന്ന് ലോകവേദിയിലേക്കുള്ള ഓട്ടൻതുള്ളലിന്റെ യാത്രയ്ക്ക് ലഭിച്ച ശ്രദ്ധേയമായ അംഗീകാരമായി ഗ്ലാസ്ഗോയിലെ പ്രദർശനം മാറി.
