സ്റ്റാർമറുടെ ഡിജിറ്റൽ ഐഡി പദ്ധതി റദ്ദാക്കാൻ ബേൺഹാം; പണം ജീവിതച്ചെലവ് കുറയ്ക്കാൻ
സ്റ്റാർമർ സർക്കാർ മുന്നോട്ടുവച്ച ഡിജിറ്റൽ ഐഡി പദ്ധതി ഉപേക്ഷിച്ച് വിഭവങ്ങൾ ജീവിതച്ചെലവ് കുറയ്ക്കാൻ വിനിയോഗിക്കാൻ ബേൺഹാം തീരുമാനിച്ചു.
ലണ്ടൻ : മുൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ മുന്നോട്ടുവച്ച ദേശീയ ഡിജിറ്റൽ തിരിച്ചറിയൽ കാർഡ് പദ്ധതി റദ്ദാക്കാൻ ആൻഡി ബേൺഹാം തീരുമാനിച്ചു. സർക്കാരിന്റെ മുൻഗണനകൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പദ്ധതിക്കായി മാറ്റിവച്ചിരുന്ന പണവും ഉദ്യോഗസ്ഥരുടെ സമയവും ജീവിതച്ചെലവ് കുറയ്ക്കാനുള്ള നടപടികൾക്കായി വിനിയോഗിക്കുമെന്ന് ബേൺഹാമിന്റെ സംഘം അറിയിച്ചു.
നിയമവിരുദ്ധമായി ജോലി ചെയ്യുന്നത് തടയുന്നതിനായി 2029ഓടെ നടപ്പാക്കാനിരുന്ന ‘ബ്രിറ്റ് കാർഡ്’ പദ്ധതിയിൽ വ്യക്തിയുടെ പേര്, ജനനത്തീയതി, ദേശീയത, താമസാവകാശം, ചിത്രം എന്നിവ ഉൾപ്പെടുത്താനായിരുന്നു തീരുമാനം. എന്നാൽ സ്വകാര്യത, വിവരസുരക്ഷ, സർക്കാർ നിരീക്ഷണം എന്നിവ ചൂണ്ടിക്കാട്ടി പ്രതിപക്ഷവും പൗരാവകാശ സംഘടനകളും പദ്ധതിയെ എതിർത്തിരുന്നു.
ഡിജിറ്റൽ ഐഡി പദ്ധതി ഉപേക്ഷിക്കുന്നതിലൂടെ എത്ര തുക ലാഭിക്കാനാകുമെന്ന് വ്യക്തമല്ല. പദ്ധതിക്ക് ഏകദേശം 1.8 ബില്യൺ പൗണ്ട് ചെലവ് വരുമെന്ന കണക്ക് നേരത്തെ പുറത്തുവന്നിരുന്നെങ്കിലും മുൻ സർക്കാർ അത് അംഗീകരിച്ചിരുന്നില്ല. ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഉടൻ മാറ്റമുണ്ടാക്കുന്ന പദ്ധതികൾക്കായിരിക്കും പുതിയ സർക്കാർ മുൻഗണന നൽകുകയെന്ന് ബേൺഹാം വ്യക്തമാക്കി.
English Summary: Andy Burnham will scrap the UK digital ID plan and redirect resources towards easing living-cost pressures.
