ഹെന്റി നോവാക്ക് കൊലക്കേസ്: കൊലായുധം ഒളിപ്പിച്ച പ്രതിയുടെ അമ്മയ്ക്ക് മൂന്നുവർഷം തടവ്
ഹെന്റി നോവാക്കിനെ കൊലപ്പെടുത്തിയ കേസിൽ കൊലായുധം ഒളിപ്പിച്ച് മകനെ സഹായിച്ച കിരൺ കൗറിന് മൂന്നുവർഷം തടവ് വിധിച്ചു.
ലണ്ടൻ : സൗത്താംപ്ടണിൽ 18 വയസ്സുകാരനായ സർവകലാശാല വിദ്യാർഥി ഹെന്റി നോവാക്കിനെ കൊലപ്പെടുത്തിയ കേസിൽ, കൊലായുധം സംഭവസ്ഥലത്തുനിന്ന് മാറ്റി മകനെ സഹായിച്ച 53 വയസ്സുകാരിയായ കിരൺ കൗറിന് മൂന്നുവർഷം തടവുശിക്ഷ വിധിച്ചു. സൗത്താംപ്ടൺ ക്രൗൺ കോടതിയാണ് കുറ്റവാളിയെ സഹായിച്ചെന്ന കുറ്റത്തിന് ശിക്ഷ പ്രഖ്യാപിച്ചത്.
2025 ഡിസംബർ മൂന്നിന് വിക്രം ദിഗ്വ 21 സെന്റിമീറ്റർ നീളമുള്ള കത്തി ഉപയോഗിച്ച് ഹെന്റി നോവാക്കിനെ മാരകമായി ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം ഉപയോഗിച്ച കത്തി കിരൺ കൗർ കുടുംബവീട്ടിലേക്ക് കൊണ്ടുപോയി മറ്റ് ആയുധങ്ങൾക്കിടയിൽ ഒളിപ്പിച്ചതായി കോടതി കണ്ടെത്തി. ഇതോടെ നിർണായക തെളിവായ കൊലായുധം കണ്ടെത്തുന്നത് ദിവസങ്ങളോളം വൈകി.
ഉത്തരവാദിത്തമുള്ള രക്ഷിതാവ് മകനെ പൊലീസിന് മുന്നിൽ കീഴടങ്ങാൻ പ്രേരിപ്പിക്കേണ്ടതായിരുന്നുവെന്ന് ജഡ്ജി വില്യം മൗസ്ലി പറഞ്ഞു. മകനെ സംരക്ഷിക്കാനുള്ള പെട്ടെന്നുള്ള തീരുമാനമായിരുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. വിക്രം ദിഗ്വയ്ക്ക് നേരത്തെ ജീവപര്യന്തം തടവും കുറഞ്ഞത് 21 വർഷത്തെ ശിക്ഷാകാലവും വിധിച്ചിരുന്നു.
English Summary: Kiran Kaur was jailed for three years for hiding the knife used by her son to murder student Henry Nowak.
