പ്രതിരോധത്തിന് 15 ബില്യൺ പൗണ്ട് അധികം അനുവദിച്ച് യുകെ; വികസന ബജറ്റുകൾ വെട്ടിക്കുറയ്ക്കും
പ്രതിരോധ ചെലവ് വർധിപ്പിക്കാൻ യുകെ അടുത്ത നാല് വർഷത്തിനുള്ളിൽ 15 ബില്യൺ പൗണ്ട് അധികമായി നീക്കിവയ്ക്കും.
ലണ്ടൻ : ബ്രിട്ടന്റെ പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിനായി അടുത്ത നാല് വർഷത്തിനുള്ളിൽ 15 ബില്യൺ പൗണ്ട് അധികമായി നീക്കിവയ്ക്കുമെന്ന് പ്രധാനമന്ത്രി കിയർ സ്റ്റാർമർ പ്രഖ്യാപിച്ചു. മറ്റു സർക്കാർ വകുപ്പുകളുടെ ദീർഘകാല നിക്ഷേപ ബജറ്റുകൾ വെട്ടിക്കുറച്ചായിരിക്കും ഈ തുക കണ്ടെത്തുക. അധികമായി കടമെടുക്കാതെ ഫണ്ട് കണ്ടെത്താനാണ് തീരുമാനമെന്നും, ഇതിനാൽ റോഡ്, ഊർജ പദ്ധതികൾ ഉൾപ്പെടെയുള്ള ചില വികസന പ്രവർത്തനങ്ങൾ വിചാരിച്ച രീതിയിൽ മുന്നോട്ടുപോകില്ലെന്നും സ്റ്റാർമർ വ്യക്തമാക്കി. 2029 ഓടെ രാജ്യത്തിന്റെ പ്രതിരോധ ചെലവ് വർഷത്തിൽ 80 ബില്യൺ പൗണ്ടായി ഉയർത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ആണവ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി 64 ബില്യൺ പൗണ്ടിലധികവും, സൈന്യത്തിലെ ഡ്രോൺ സാങ്കേതികവിദ്യയ്ക്ക് 5 ബില്യൺ പൗണ്ടും നീക്കിവയ്ക്കും. ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങളുമായി ചേർന്ന് അടുത്ത തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വികസിപ്പിക്കുന്നതിന് 8 ബില്യൺ പൗണ്ടിലധികം ചെലവഴിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസും സ്വയം പ്രവർത്തിക്കുന്ന കപ്പലുകളും ഉൾപ്പെടുത്തി റോയൽ നേവിയെ ഒരു ‘ഹൈബ്രിഡ് നേവി’യാക്കി മാറ്റാനും ആറ് പുതിയ യുദ്ധക്കപ്പലുകൾ നിർമ്മിക്കാനും പദ്ധതിയുണ്ട്. കൂടാതെ റോയൽ എയർഫോഴ്‌സിനായി സ്വയം പ്രവർത്തിക്കുന്ന യുദ്ധവിമാനങ്ങളും ഇലക്ട്രോണിക് യുദ്ധ ഡ്രോൺ സംവിധാനങ്ങളും വികസിപ്പിച്ചെടുക്കും.
അതേസമയം ഈ പദ്ധതിക്ക് ആവശ്യമായ മുഴുവൻ തുകയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ട്രഷറിക്ക് ഇതുവരെ 10.3 ബില്യൺ പൗണ്ട് മാത്രമാണ് കണ്ടെത്താനായത്. ബാക്കി തുക അടുത്ത ബജറ്റിൽ കണ്ടെത്തേണ്ടി വരും. 2029 ഓടെ പ്രതിരോധ ചെലവ് ജിഡിപിയുടെ 2.7 ശതമാനമായും 2035 ഓടെ നാറ്റോയുടെ ലക്ഷ്യമായ 3.5 ശതമാനമായും ഉയർത്താനാണ് സർക്കാർ നീക്കം. എന്നാൽ കൃത്യമായ ഫണ്ടില്ലാതെ പദ്ധതി വൈകുകയാണെന്ന് കൺസർവേറ്റീവുകളും ലിബറൽ ഡെമോക്രാറ്റുകളും വിമർശിച്ചു. അതേസമയം നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.
English Summary: The UK will increase defence spending by £15bn over four years by cutting some long-term investment budgets.
