അഭയാർത്ഥി നിയമം കർശനമാക്കിയാലും പകുതിയിലധികം പേരും യുകെയിൽ തുടരുമെന്ന് ഹോം ഓഫീസ്; പുതിയ ബിൽ വിവാദത്തിൽ
പുതിയ അഭയാർത്ഥി നിയമം പ്രകാരം അപേക്ഷകൾ നിരസിക്കപ്പെട്ടാലും 55 ശതമാനം പേർ യുകെയിൽ തുടരുമെന്നാണ് ഹോം ഓഫീസിന്റെ വിലയിരുത്തൽ.
ലണ്ടൻ : മനുഷ്യാവകാശ നിയമങ്ങളും വിസ ചട്ടങ്ങളും കൂടുതൽ കർശനമാക്കിയാലും, അപേക്ഷകൾ നിരസിക്കപ്പെടുന്നവരിൽ പകുതിയിലധികം പേരും യുകെയിൽ തന്നെ തുടരുമെന്ന് ഹോം ഓഫീസിന്റെ വിലയിരുത്തൽ. യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷനിലെ ആർട്ടിക്കിൾ 8 പ്രകാരമുള്ള കുടുംബ-സ്വകാര്യ ജീവിത സംരക്ഷണ അവകാശവാദങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ബ്രിട്ടീഷ് സർക്കാർ നീക്കം നടത്തുന്നത്. ഈ പരിഷ്കാരങ്ങൾ നടപ്പിലാകുന്നതോടെ പ്രതിവർഷം പതിനായിരത്തിലധികം അധിക അപേക്ഷകൾ നിരസിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ഇങ്ങനെ നിരസിക്കപ്പെടുന്നവരിൽ 55 ശതമാനത്തോളം ആളുകളും യുകെയിൽ തന്നെ തുടരുമെന്ന ഹോം ഓഫീസിന്റെ ആഘാത വിലയിരുത്തൽ റിപ്പോർട്ട് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് ഇമ്മിഗ്രേഷൻ ആൻഡ് അസൈലം ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഈ നിർണായക വിവരങ്ങൾ പുറത്തുവന്നത്. അഭയാർത്ഥികൾക്ക് സ്ഥിരതാമസ പദവി ലഭിക്കുന്നതിന് മുമ്പ് 10,000 പൗണ്ട് വരെ ഈടാക്കുക, ജഡ്ജിമാരില്ലാത്ത പുതിയ അപ്പീൽ സംവിധാനം ഏർപ്പെടുത്തുക, മനുഷ്യക്കടത്ത് സംബന്ധിച്ച അവകാശവാദങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരിക തുടങ്ങിയ കർശന വ്യവസ്ഥകൾ പുതിയ ബില്ലിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ, രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നതിനിടെ കുടുംബം രൂപീകരിച്ചവർക്ക്, കുട്ടികളെയോ ജീവിതപങ്കാളിയെയോ ചൂണ്ടിക്കാട്ടി നാടുകടത്തലിൽ നിന്ന് ഇനി ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും നിയമം വ്യക്തമാക്കുന്നു.
സർക്കാരിന്റെ ഈ പുതിയ നീക്കത്തിനെതിരെ അഭയാർത്ഥി കൗൺസിൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അഭയാർത്ഥി പ്രതിസന്ധിയുടെ അടിസ്ഥാനകാരണം പരിഹരിക്കാതെ പുതിയ ബ്യൂറോക്രസി സൃഷ്ടിക്കുന്നതും, അഭയാർത്ഥികൾക്ക് മേൽ അധിക സാമ്പത്തികഭാരം ചുമത്തുന്നതും ദീർഘകാല പ്രതിസന്ധികൾക്ക് വഴിവെക്കുമെന്നാണ് ഇവരുടെ ആക്ഷേപം. മോഡേൺ സ്ലേവറി നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ പ്രകാരം യുകെയിലെത്തിയ ശേഷം നിശ്ചിത സമയപരിധിക്കുള്ളിൽ മാത്രമേ അവകാശവാദം ഉന്നയിക്കാൻ സാധിക്കൂ. കർശന വ്യവസ്ഥകളടങ്ങിയ ഈ ബില്ലിനെതിരെ ഭരണകക്ഷിയായ ലേബർ പാർട്ടിയിലെ ചില എംപിമാർ തന്നെ രംഗത്തുവരുമെന്നാണ് സൂചനകൾ.
English Summary: Home Office assessments suggest that more than half of those rejected under tougher UK asylum rules may still remain in the country.
