ഡച്ച് ക്രൂസ് കപ്പലിൽ വൈറസ് ബാധ; 3 പേർ മരിച്ചു, ബ്രിട്ടീഷ് പൗരന്മാർ അടക്കം കപ്പലിൽ കുടുങ്ങി

May 4, 2026 - 19:55
 0
ഡച്ച് ക്രൂസ് കപ്പലിൽ വൈറസ് ബാധ; 3 പേർ മരിച്ചു, ബ്രിട്ടീഷ് പൗരന്മാർ അടക്കം കപ്പലിൽ കുടുങ്ങി

ബ്രിട്ടീഷുകാര്‍ അടക്കമുള്ള ക്രൂസ് ഷിപ്പില്‍ വൈറസ് ബാധയെ തുടര്‍ന്ന് മൂന്ന് മരണം. ഡച്ച് കപ്പലായ എംവി ഹോണ്ടിയസിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കപ്പലിലെ അഞ്ച് പേര്‍ക്ക് കൂടി വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്ന് സംശയമുള്ളതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 88 യാത്രക്കാരും 68 ക്രൂ അംഗങ്ങളുമാണ് കപ്പിലിലുള്ളത്. ഇതില്‍ 19 യാത്രക്കാരും നാല് ക്രൂ അംഗങ്ങളും ബ്രിട്ടീഷ് പൗരന്മാരാണ്. ക്രൂവിലെ 69-കാരനായ ഒരു ബ്രിട്ടീഷ് പൗരന്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലുമാണ്. കപ്പലില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കപ്പല്‍ നങ്കൂരമിടേണ്ടിയിരുന്ന കേപ്പ് വെര്‍ഡീയിലെ തുറമുഖത്തേയ്ക്ക് കപ്പലിന് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഇതോടെ യാത്രക്കാരും, ക്രൂ അംഗങ്ങളും കപ്പലില്‍ കുടുങ്ങി. ഇവരോട് പരസ്പരം അകലം പാലിക്കാനും, ഫേസ് മാസ്‌ക്കുകള്‍ ധരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ 11-നാണ് ടൂറിസ്റ്റുകളുമായി യാത്ര പുറപ്പെട്ട കപ്പലിലെ ഒരു യാത്രക്കാരന്‍ മരിക്കുന്നത്. അന്ന് പക്ഷേ മരണകാരണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.  ഏപ്രില്‍ 24-ന് ഇദ്ദേഹത്തിന്റെ ശരീരം ഭാര്യയോടൊപ്പം സെന്റ് ഹെലേനയില്‍ ഇറക്കി. തുടര്‍ന്ന് ഏപ്രില്‍ 27-ന് ഭാര്യയ്ക്കും രോഗം പിടിപെട്ടതായും ഇവര്‍ മരിച്ചതായും കപ്പല്‍ അധികൃതര്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. ഇരുവരും നെതര്‍ലണ്ട്‌സ് സ്വദേശികളാണ്.

ഏപ്രില്‍ 27-ന് തന്നെ കപ്പലിലെ ഒരു ബ്രിട്ടീഷ് പൗരനും രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ സൗത്ത് ആഫ്രിക്കയിലെ ജോഹനാസ്ബര്‍ഗിലുള്ള ഒരു ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെ അദ്ദേഹം തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തില്‍ ഹാന്റാവൈറസ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് മെയ് 2-ന് മറ്റൊരു യാത്രക്കാരനും കപ്പലില്‍ വച്ച് രോഗം ബാധിച്ച് മരിച്ചു.

എലികളില്‍ നിന്നും പകരുന്ന മാരകമായ ഒരു സൂക്ഷ്മാണുവാണ് ഹാന്റാവൈറസ്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് മരണത്തിന് വരെ കാരണമാകാം. പ്രത്യേകം ചികിത്സയോ, വാക്‌സിനോ ലഭ്യമല്ല എന്നതും ഹാന്റാവൈറസിനെ കൂടുതല്‍ മാരകമാക്കുന്നു. 

നിലവില്‍ കപ്പലില്‍ വേറെ രണ്ട് പേര്‍ ശ്വാസകോശ രോഗലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ഇവരില്‍ ഒരാള്‍ ബ്രിട്ടീഷ് പൗരനും മറ്റെയാള്‍ ഡച്ച് പൗരനുമാണ്. ഇവര്‍ക്ക് പക്ഷേ ഹാന്റാവൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ട്രാവല്‍ കമ്പനി പറഞ്ഞു. മരിച്ച മൂന്ന് പേര്‍ക്കും ഹാന്റവൈറസ് ബാധയുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും, രോഗം സ്ഥിരീകരിച്ചയാളെ ജോഹനാസ്ബര്‍ഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു. കേപ്പ് വെര്‍ഡീയില്‍ നിന്നും വിദഗ്ദ്ധ സംഘമെത്തി പരിശോധന നടത്തിയെന്നും, കപ്പല്‍ ഇനി സ്‌പെയിനിലെ ലാസ് പാല്‍മാസിലോ, ടെനറീഫിലോ എത്തിച്ച് കൂടുതല്‍ പരിശോധന നടത്തുന്നതിനെ പറ്റി ആലോചിക്കുകയാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.