യുകെയിൽ ഇറാന് വേണ്ടി ചാരപ്രവർത്തനം; ഗ്രീക്ക് സ്വദേശി അറസ്റ്റിൽ

May 29, 2026 - 19:48
 0
യുകെയിൽ ഇറാന് വേണ്ടി ചാരപ്രവർത്തനം; ഗ്രീക്ക് സ്വദേശി അറസ്റ്റിൽ

യുകെയില്‍ ഇറാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ഗ്രീക്ക് സ്വദേശി അറസ്റ്റില്‍. ഇയോണിസ് ഐഡിനിഡിസ് എന്ന 46-കാരനെയാണ് ഇറാന്‍ ഇന്റര്‍നാഷണലിന് വേണ്ടി യുകെയില്‍ പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകനെ രഹസ്യമായി നിരീക്ഷിച്ചു എന്ന കുറ്റം ചുമത്തി ഭീകരവിരുദ്ധ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. 

ജര്‍മ്മനിയിലെ മ്യൂണിക്കില്‍ താമസിക്കുന്ന ഐഡിനിഡിസ്, മെയ് 16-ന് വെസ്റ്റ് സസക്‌സില്‍ വച്ചാണ് അറസ്റ്റിലാകുന്നത്. രണ്ട് തവണ യുകെയില്‍ എത്തിയ ഇയാള്‍ പ്രസ്തുത പത്രപ്രവര്‍ത്തകനെ സോക്‌സില്‍ ഒളിപ്പിച്ച ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്തു എന്നും പൊലീസ് പറയുന്നു. നിലവിലെ ഇറാനിയന്‍ നേതൃത്വത്തെ അടക്കം വിമര്‍ശിക്കുന്ന പത്രമാണ് ഇറാന്‍ ഇന്റര്‍നാഷണല്‍. ലണ്ടനാണ് പത്രത്തിന്റെ ആസ്ഥാനം.

പേര്‍ഷ്യന്‍ ഭാഷയിലെ മാധ്യമങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പലര്‍ക്കും ആശങ്കയുളവാക്കുന്നതാണ് ഈ സംഭവമെന്ന് ഭീകരവിരുദ്ധ പൊലീസ് മേധാവി കമാന്‍ഡര്‍ ഹെലന്‍ ഫ്‌ളനാഗന്‍ പറഞ്ഞു. അതേസമയം സമൂഹത്തിനാകെ നിലവില്‍ ഭീഷണിസാഹചര്യമില്ലെന്നും അവര്‍ വ്യക്തമാക്കി.

നേരത്തെ ഏപ്രിലില്‍ നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഇറാന്‍ ഇന്റര്‍നാഷണല്‍ ഓഫീസുകള്‍ക്ക് തീയിട്ട സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇറാനിലെ ഹരാകത് അഷാബ് അല്‍- യാമിന്‍ അല്‍- ഇസ്ലാമിയ എന്ന സംഘം ഇതിന്റെ ഉത്തരവാദിത്തമേറ്റെടുത്തിരുന്നെങ്കിലും ഇതില്‍ സ്ഥിരീകരണമുണ്ടായിരുന്നില്ല.

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ നിശബ്ദമാക്കുന്നതിന്റെ ഭാഗമായി തങ്ങള്‍ക്ക് നേരെ ആക്രമണം നടക്കുന്നതായി ഇറാന്‍ ഇന്റര്‍നാഷണല്‍ കഴിഞ്ഞ മാസം പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.