യുകെയിൽ എത്തുന്ന അഭയാർഥികളുടെ പ്രായം കൃത്യമായി കണ്ടെത്താൻ എഐ സംവിധാനം ഉപയോഗിക്കുമെന്ന് അധികൃതർ

May 29, 2026 - 19:50
 0
യുകെയിൽ എത്തുന്ന അഭയാർഥികളുടെ പ്രായം കൃത്യമായി കണ്ടെത്താൻ എഐ സംവിധാനം ഉപയോഗിക്കുമെന്ന് അധികൃതർ

യുകെയിലേയ്ക്ക് അഭയം തേടിയെത്തുന്നവരുടെ പ്രായം മനസിലാക്കാനായി അടുത്ത വര്‍ഷം മുതല്‍ എഐ സംവിധാനം ഉപയോഗിക്കുമെന്ന് ആഭ്യന്തര വകുപ്പ്. പലരും തങ്ങള്‍ കുട്ടികളാണെന്നും, പ്രായപൂര്‍ത്തിയായില്ലെന്നും കാട്ടി താമസാനുമതി നേടിയെടുക്കുന്നത് തടയാനാണ് ഈ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.

ഹാര്‍ലോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന് ഈ സാങ്കേതികവിദ്യ വികസിപ്പിക്കാനായി സര്‍ക്കാര്‍ കരാര്‍ നല്‍കിയിട്ടുണ്ട്. ഇതുവഴി അഭയാര്‍ത്ഥികളുടെ പ്രായം കൃത്യമായി കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം തന്നെ സാങ്കേതികവിദ്യ ലഭ്യമാകുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നതെങ്കിലും പദ്ധതി നീളുകയായിരുന്നു.

വളരെയേറെ പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമേ സാങ്കേതികവിദ്യ പൂര്‍ണ്ണമായും ഉപയോഗിക്കുകയുള്ളൂവെന്ന് മന്ത്രിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അധികൃതരെ പറ്റിക്കുന്നവരെ പിടൂകൂടുകയാണ് സംവിധാനത്തിന്റെ ഉദ്ദേശ്യമെന്നും, അര്‍ഹരായവര്‍ക്ക് സുരക്ഷയും പിന്തുണയും നല്‍കുമെന്നും അതിര്‍ത്തി സുരക്ഷാവകുപ്പ് മന്ത്രി അലക്‌സ് നോറിസ് പറഞ്ഞു.

അതേസമയം കഴിഞ്ഞ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ അഭയാര്‍ത്ഥികളുടെ എല്ല്, പല്ല് എന്നിവ പരിശോധിച്ച് പ്രായം കണക്കാക്കുന്നതിനായി ഒരു സാങ്കേതികവിദ്യ രൂപപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

മുതിര്‍ന്നവരുടെ കൂടെയല്ലാതെ എത്തുന്ന അഭയാര്‍ത്ഥികളായ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായവരില്‍ നിന്നും വിഭിന്നമായി അഭയാര്‍ത്ഥിത്വം ലഭിക്കാന്‍ സാധ്യത ഏറെയാണ് എന്നതാണ് പലരും കുട്ടികളെന്ന വ്യാജേന എത്തുന്നതിന് കാരണം. 2026 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം കുട്ടികളാണ് എന്ന അവകാശപ്പെട്ട അഭയാര്‍ത്ഥികളില്‍ 43% പേരും യഥാര്‍ത്ഥത്തില്‍ പ്രായപൂര്‍ത്തിയായവരാണെന്ന് നിലവിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധിച്ചതില്‍ നിന്നും വെളിപ്പെട്ടിരുന്നു. എന്നാല്‍ ഈ ഫലങ്ങള്‍ പിന്നീട് പുനഃപരിശോധനയ്ക്ക് വിടുകയും, പല സംഭവങ്ങളിലും മുതിര്‍ന്നവരെന്ന് വിധിച്ചവരെ പിന്നീട് കുട്ടികളെന്ന് വീണ്ടും മാറ്റി രേഖയുണ്ടാക്കേണ്ടി വന്ന സംഭവങ്ങളുമുണ്ട്.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.