പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ കത്തിക്കയറി റിഫോം യുകെ; രാജ്യത്തെ ദ്വികക്ഷി രാഷ്ട്രീയത്തിന്റെ അന്ത്യം എന്ന് നിരീക്ഷണം

May 10, 2026 - 10:17
 0
പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ കത്തിക്കയറി റിഫോം യുകെ; രാജ്യത്തെ ദ്വികക്ഷി രാഷ്ട്രീയത്തിന്റെ അന്ത്യം എന്ന് നിരീക്ഷണം

ഇംഗ്ലണ്ടിലെ കൗണ്‍സിലുകളിലേയ്ക്കും, സ്‌കോട്‌ലണ്ട്, വെയില്‍സ് പാര്‍ലമെന്റുകളിലേയ്ക്കും നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് തിരിച്ചടി. ഇംഗ്ലണ്ടില്‍ 136 കൗണ്‍സിലുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ വെറും 28 കൗണ്‍സിലുകളിലാണ് ലേബര്‍ പാര്‍ട്ടി വിജയിച്ചത്. ആകെ 5,066 കൗണ്‍സില്‍ സീറ്റുകളില്‍ 1454 എണ്ണത്തില്‍ വിജയിച്ച് റിഫോം യുകെ മികച്ച പ്രകടനം നടത്തിയപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് കഴിഞ്ഞ തവണത്തെക്കാള്‍ 1,496 സീറ്റുകള്‍ നഷ്ടപ്പെടുത്തിക്കൊണ്ട് 1,068 സീറ്റുകള്‍ നേടാനേ സാധിച്ചുള്ളൂ.

രാജ്യത്തെ മറ്റൊരു പ്രധാന പാര്‍ട്ടിയായ കണ്‍സര്‍വേറ്റീസിന് മുന്‍ തവണത്തെക്കാള്‍ 563 സീറ്റുകള്‍ കുറഞ്ഞു. ആകെ 801 കൗണ്‍സില്‍ സീറ്റുകളിലാണ് അവര്‍ വിജയിച്ചത്. ലിബറല്‍ ഡെമോക്രാറ്റ്‌സ് 844 സീറ്റുകളിലും (+152), ഗ്രീന്‍ പാര്‍ട്ടി 586 സീറ്റുകളിലും (+440) വിജയിച്ചപ്പോള്‍ മറ്റുള്ളവര്‍ 292 സീറ്റുകളില്‍ (+23) ജയം നേടി.

136 കൗണ്‍സിലുകളില്‍ ലേബര്‍ 28, ലിബറല്‍ ഡെമോക്രാറ്റ്‌സ് 15, റിഫോം യുകെ 14, കണ്‍സര്‍വേറ്റീവിസ് 9, ഗ്രീന്‍ പാര്‍ട്ടി 5 എന്നിങ്ങനെ ഭരണം പിടിച്ചു. 65 കൗണ്‍സിലുകളില്‍ ഈ പറഞ്ഞ ഒരു പാര്‍ട്ടിക്കും ആധിപത്യം നേടാനായില്ല. ഇവിടെ മറ്റ് പാര്‍ട്ടികള്‍ക്കും, സ്വതന്ത്രര്‍ക്കുമാണ് ഭൂരിപക്ഷം സീറ്റുകളും ലഭിച്ചത്.

സ്‌കോട്ടിഷ് പാര്‍ലമെന്റ്

സ്‌കോട്‌ലണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 58 സീറ്റുകള്‍ നേടിക്കൊണ്ട് സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ 6 സീറ്റുകള്‍ കുറവാണിത്. മുമ്പ് ഒറ്റ സീറ്റില്‍ പോലും വിജയം നേടാന്‍ കഴിയാതിരുന്ന റിഫോം യുകെ ഇത്തവണ 17 സീറ്റുകള്‍ പിടിച്ചെടുത്തു. ലേബര്‍ പാര്‍ട്ടി 17 (-4), ഗ്രീന്‍ പാര്‍ട്ടി 15 (+6), കണ്‍സര്‍വേറ്റീവ്‌സ് 12 (-19), ലിബറല്‍ ഡെമോക്രാറ്റ്‌സ് 10 (+6) എന്നിങ്ങനെയും സീറ്റുകള്‍ നേടി. 129 സീറ്റുകളിലുള്ള പാര്‍ലമെന്റില്‍ 65 സീറ്റുകളാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരു പാര്‍ട്ടിക്ക് ആവശ്യമുള്ളത്.

വെയില്‍സ് പാര്‍ലമെന്റ്

വെയില്‍സ് പാര്‍ലമെന്റിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ദി പാര്‍ട്ടി ഓഫ് വെയില്‍സ് 43 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 49 സീറ്റുകളാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംപൂജ്യരായിരുന്ന റിഫോം യുകെ 34 സീറ്റുകള്‍ നേടിയപ്പോള്‍, ലേബര്‍ പാര്‍ട്ടി വെറും 9 സീറ്റുകളിലേയ്ക്ക് ഒതുങ്ങി. കഴിഞ്ഞ വട്ടം 44 സീറ്റുകളിലാണ് പാര്‍ട്ടി വിജയിച്ചിരുന്നത്. കണ്‍സര്‍വേറ്റേീവ്‌സ് 7 (-22), ഗ്രീന്‍ പാര്‍ട്ടി 2 (+2), ലിബറല്‍ ഡെമോക്രാറ്റ്‌സ് 1 (+1) എന്നിങ്ങനെയുമാണ് ബാക്കി പാര്‍ട്ടികളുടെ സീറ്റ് നില.

തെരഞ്ഞെടുപ്പുകളില്‍ കാര്യമായ നേട്ടമുണ്ടാക്കിയ റിഫോം യുകെയുടെ പ്രകടനം, യുകെയിലെ ദ്വികക്ഷി രാഷ്ട്രീയത്തിന് അറുതി വരുത്തുന്നതാണെന്നാണ് പൊതുവെയുള്ള രാഷ്ട്രീയ നിരീക്ഷണം.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.