എയർ ഇന്ത്യ ദുരന്തത്തിന് ഒരു വർഷം; ‘സത്യസന്ധതയും ഉത്തരങ്ങളും വേണം’ എന്ന് ഏക രക്ഷപ്പെട്ട യാത്രക്കാരൻ
ലണ്ടൻ : 2025 ജൂണിൽ 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനാപകടത്തിൽ ജീവനോടെ രക്ഷപ്പെട്ട ഏക യാത്രക്കാരൻ വിശ്വാഷ് കുമാർ രമേഷ്, ദുരന്തത്തിന് ഒരു വർഷം തികയുമ്പോഴും സത്യസന്ധതയും സുതാര്യതയും ഉത്തരങ്ങളും വേണമെന്ന് ആവശ്യപ്പെട്ടു. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്കു പുറപ്പെട്ട ബോയിംഗ് 787 ഡ്രീംലൈനർ വിമാനം പറന്നുയർന്നതിനു പിന്നാലെ മെഡിക്കൽ കോളജിന് സമീപം തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 241 പേരും അപകടസ്ഥലത്തുണ്ടായിരുന്ന 19 പേരും മരിച്ചു. മരിച്ചവരിൽ 52 പേർ ബ്രിട്ടീഷ് പൗരന്മാരും 169 പേർ ഇന്ത്യൻ പൗരന്മാരുമായിരുന്നു. 67 പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
അപകടത്തിൽ സഹോദരനെ നഷ്ടപ്പെട്ട രമേഷ്, താൻ ഇന്നും കടുത്ത മാനസികാഘാതവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നുണ്ടെന്ന് പറഞ്ഞു. അപകടം നടന്ന ദിവസംകൊണ്ട് തന്റെ വേദന അവസാനിച്ചിട്ടില്ലെന്നും, എങ്ങനെ ഈ ദുരന്തം സംഭവിച്ചു എന്നതിൽ നിരവധി ചോദ്യങ്ങൾ ഇപ്പോഴും ഉത്തരമില്ലാതെ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എനിക്ക് മാത്രമല്ല, ബാധിക്കപ്പെട്ട എല്ലാ കുടുംബങ്ങൾക്കും ഈ ചോദ്യങ്ങളുണ്ട്. സംഭവിച്ചതിനെ മാറ്റാൻ കഴിയില്ലെങ്കിലും കുടുംബങ്ങൾക്ക് വ്യക്തത ലഭിക്കേണ്ടത് അനിവാര്യമാണ് എന്ന് രമേഷ് പറഞ്ഞു. ഇന്ത്യൻ അധികൃതർ നേരത്തെ പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിൽ, പറന്നുയർന്ന ഉടൻ വിമാനത്തിന്റെ രണ്ട് ഇന്ധന സ്വിച്ചുകളും കട്ട് ഓഫ് നിലയിലേക്ക് മാറിയതായി കണ്ടെത്തിയിരുന്നു.
എയർ ഇന്ത്യയിൽ നിന്ന് ഭാര്യയ്ക്കും അഞ്ച് വയസ്സുകാരനായ മകനുമുള്ള സഹായമായി 21,500 പൗണ്ട് ലഭിച്ചിട്ടുണ്ടെങ്കിലും, രമേഷിന്റെ കുടുംബം ഇപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടിൽ കഴിയുകയാണെന്ന് അദ്ദേഹത്തിന്റെ പ്രതിനിധി സഞ്ജീവ് പട്ടേൽ പറഞ്ഞു. അപകടത്തിന്റെ ആഘാതം മൂലം രമേഷിന് സാധാരണ പോലെ ജോലിയിൽ തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ലെന്നും കുടുംബം മാസത്തിൽ 1,000 പൗണ്ടിൽ താഴെ വരുമാനത്തിലാണ് കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എയർ ഇന്ത്യയുടെയും ടാറ്റാ ഗ്രൂപ്പിന്റെയും പ്രതിനിധികളുമായി അടുത്തിടെ ചർച്ചകൾ നടന്നതായും ചില പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും നിരവധി പ്രധാന വിഷയങ്ങൾ ഇപ്പോഴും പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എയർ ഇന്ത്യയും ടാറ്റാ ഗ്രൂപ്പും രമേഷിനും അദ്ദേഹത്തിന്റെ സംഘത്തിനും വേണ്ട പിന്തുണ തുടരുന്നതായി കമ്പനി അറിയിച്ചു. രമേഷ് സിവിൽ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്.
The sole survivor of the 2025 Air India crash has demanded transparency and clear answers regarding the tragedy on its first anniversary while coping with severe psychological and financial struggles.
