യുകെയിൽ പൂർണമായി ചിത്രീകരിച്ച മലയാള സിനിമ ‘കണ്ടൻ’ റിലീസിന് ഒരുങ്ങുന്നു
പൂർണമായും യുകെയിൽ ചിത്രീകരിച്ച മലയാള മിസ്റ്ററി ക്രൈം ത്രില്ലർ ‘കണ്ടൻ’ ജൂലൈ 31ന് യുകെയിലും കേരളത്തിലുമായി റിലീസിന് ഒരുങ്ങുന്നു.
ലണ്ടൻ : യുകെയുടെ മലയാള സിനിമാ ചരിത്രത്തിൽ പുതിയൊരു അധ്യായമായി, പൂർണമായും യുകെയിൽ ചിത്രീകരിച്ച മലയാള സിനിമ ‘കണ്ടൻ’ റിലീസിന് ഒരുങ്ങുന്നു. യുകെയിലെ മലയാളികൾ തന്നെ അരങ്ങിലും അണിയറയിലും കൈകോർത്തൊരുക്കിയ മിസ്റ്ററി ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ചിത്രമാണ് ‘കണ്ടൻ’. ഒരു സിനിമ എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ യുകെയിലെ ഒരു കൂട്ടം യുവാക്കൾ ഒരു വർഷത്തോളം നടത്തിയ പരിശ്രമത്തിന്റെ ഫലമായ ചിത്രം ജൂലൈ 31ന് യുകെയിലും കേരളത്തിലുമായി നൂറിലധികം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
നിരവധി ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധ നേടിയ പുതുമുഖ സംവിധായകൻ ജിബിൻ ആന്റണിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, എഡിറ്റിംഗ്, സംവിധാനം എന്നിവ നിർവഹിക്കുന്നത്. പൂർണമായും പുതുമുഖ താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. യുകെ മലയാളികൾക്ക് അഭിമാന നിമിഷമായി ചിത്രത്തിന്റെ ആദ്യ ടീസർ നടൻ ധ്യാൻ ശ്രീനിവാസനും പ്രൊമോ സോങ്ങ് നടൻ ഭഗത് മാനുവലും പുറത്തിറക്കി. സസ്‌പെൻസുകൾ നിറഞ്ഞ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജിബിൻ ആന്റണി എഴുതിയ വരികൾക്ക് ജെയ്സൺ ജോൺ ഈണമിട്ട് സൂരജ് സന്തോഷ് ആലപിച്ച ‘ബലി’ എന്ന പ്രൊമോ സോങ്ങും ഇതിനോടകം മലയാളികൾ ഏറ്റെടുത്തുകഴിഞ്ഞു.
ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് ലാഹാരി മ്യൂസിക്സിനാണ്. യൂറോപ്പിൽ ചിത്രം വിതരണം ചെയ്യുന്നത് ആർഎഫ്ടി ഫിലിംസും കേരളത്തിൽ ഹിമുക്രി–ജയഗീതവും ആണ്. സെന്റ് മേരീസ് അസോസിയേറ്റ്സിന്റെ ബാനറിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ക്യാമറ ജിബിൻ ആന്റണിയും അലൻ ജേക്കബും നിർവഹിക്കുന്നു. സംഗീതം ജെയ്സൺ ജോൺ. ഗാനങ്ങൾക്ക് സൂരജ് സന്തോഷ്, സിതാര കൃഷ്ണകുമാർ, അഞ്ജു ജോസഫ് എന്നിവർ ശബ്ദം നൽകിയിട്ടുണ്ട്. ആർട്ട് ഡയറക്ടർ ജെറിൻ തൊട്ടപ്പിള്ളി ജോണി, ലൈൻ പ്രൊഡ്യൂസർ ഫിലിപ്പ് കെ. ജെ., ക്രിയേറ്റീവ് ഹെഡ് ബെന്നി ആശംസ, അസോസിയേറ്റ് ഡയറക്ടേഴ്സ് അനു അടൂർ, നിഷ നായർ, ദീപക് ജയൻ, പ്രൊഡക്ഷൻ കൺട്രോളേഴ്സ് സന്ദീപ് പീറ്റർ, ബേസിൽ കുട്ടമ്പുഴ, പി ആർ ഓ എം കെ ഷെജിൻ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Teaser: https://youtu.be/hBcGfdGGkB0
Promo Song: https://youtu.be/mINGmSWnHtI
English Summary: UK-shot Malayalam mystery crime thriller ‘Kandan’ is set to release in more than 100 theatres across the UK and Kerala on July 31.
