നിയന്ത്രണം വന്നിട്ടും കെയർ വിസയിൽ ഡിപ്പെൻഡന്റുകളുടെ വരവ് തുടരുന്നു; ഹോം ഓഫീസ് കണക്കുകൾ വിവാദത്തിൽ
കെയർ വർക്കർ വിസയിലെ നിയന്ത്രണങ്ങൾക്കിപ്പുറവും പഴയ നിയമങ്ങളുടെ ഭാഗമായി ഡിപ്പെൻഡന്റ് അപേക്ഷകൾ തുടരുന്നതായി ഹോം ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നു.
ലണ്ടൻ : കെയർ വർക്കർ വിസയിൽ എത്തുന്നവർക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് യുകെ സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടും, ഈ റൂട്ടിലൂടെയുള്ള ഡിപ്പെൻഡന്റ് വിസകളുടെ വരവ് തുടരുന്നതായി ഹോം ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നു. 2024 മാർച്ച് 11 മുതൽ പുതുതായി എത്തുന്ന കെയർ വർക്കർമാർക്കും സീനിയർ കെയർ വർക്കർമാർക്കും ആശ്രിതരെ യുകെയിലേക്ക് കൊണ്ടുവരുന്നതിൽ വിലക്കുണ്ട്. എന്നാൽ, ഈ തീയതിക്ക് മുമ്പ് തന്നെ യുകെയിൽ കെയർ വിസയിൽ ജോലി ചെയ്തിരുന്നവർക്ക് ചില പ്രത്യേക സാഹചര്യങ്ങളിൽ ഇപ്പോഴും കുടുംബാംഗങ്ങളെ ഡിപ്പെൻഡന്റുകളായി കൊണ്ടുവരാൻ നിയമപരമായ അനുമതിയുള്ളതാണ് പുതിയ കണക്കുകൾക്ക് പിന്നിലെ പ്രധാന കാരണം.
ഹോം ഓഫീസ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2026 മാർച്ചിൽ അവസാനിച്ച വർഷത്തിൽ ഹെൽത്ത് ആൻഡ് കെയർ വർക്കർ റൂട്ടിലെ ഡിപ്പെൻഡന്റ് അപേക്ഷകൾ 41,200 ആയി കുറഞ്ഞിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് ഇതിൽ 24 ശതമാനത്തിന്റെ കുറവുണ്ടായതായും, 2024 ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന നിരക്കായ 2,33,200 അപേക്ഷകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 82 ശതമാനം ഇടിവാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. എങ്കിലും, രാജ്യത്ത് കുടിയേറ്റ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടും ഡിപ്പെൻഡന്റ് വിസ അപേക്ഷകൾ പൂർണമായി അവസാനിക്കാത്തത് യുകെയിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.
പ്രധാന വിസകളെ അപേക്ഷിച്ച് ഡിപ്പെൻഡന്റ് വിസകളുടെ എണ്ണം ചില രാജ്യങ്ങളിൽ ഇപ്പോഴും ഉയർന്ന അനുപാതത്തിൽ തുടരുന്നതും ചർച്ചകൾക്ക് ആക്കം കൂട്ടുന്നു. ഉദാഹരണത്തിന്, കാമറൂണിൽ നിന്നുള്ള 12 പ്രധാന വിസകൾക്ക് പിന്നാലെ 180 കുടുംബാംഗ വിസകൾ അനുവദിച്ചതായാണ് കണക്കുകൾ. ഇന്ത്യ, ഘാന, ബംഗ്ലാദേശ്, പാകിസ്ഥാൻ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകളിലും ഉയർന്ന ഡിപ്പെൻഡന്റ് അനുപാതം രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. പുതിയ കെയർ വിസക്കാർക്ക് നിയന്ത്രണം ബാധകമാണെങ്കിലും, പഴയ നിയമപ്രകാരം യുകെയിലെത്തിയവർക്കുള്ള ട്രാൻസിഷണൽ ആനുകൂല്യങ്ങളാണ് നിലവിലെ സാഹചര്യം തുടരാൻ ഇടയാക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
English Summary: Despite restrictions, UK Home Office data has sparked political controversy as dependent visa arrivals continue under older transitional rules.
