യുകെ വിമാനത്താവളങ്ങളിൽ ഇനി എട്ട് വയസ്സുകാർക്കും ഇ-ഗേറ്റ് ഉപയോഗിക്കാം; എന്നാൽ ഇന്ത്യൻ പാസ്‌പോർട്ട് യാത്രക്കാർക്ക് ബാധകമല്ല
യുകെ വിമാനത്താവളങ്ങളിലെ ഇ-ഗേറ്റ് പ്രായപരിധി എട്ട് വയസാക്കി കുറച്ചെങ്കിലും സാധാരണ ഇന്ത്യൻ പാസ്‌പോർട്ട് യാത്രക്കാർക്ക് ഈ സൗകര്യം ബാധകമല്ല.
ലണ്ടൻ : വേനൽക്കാല അവധിയാത്രകൾക്കിടെ കുടുംബങ്ങൾക്ക് ആശ്വാസമേകി യുകെ വിമാനത്താവളങ്ങളിലെ ഇ-ഗേറ്റ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി സർക്കാർ കുറച്ചു. ഇനി മുതൽ എട്ടും ഒൻപതും വയസ്സുള്ള കുട്ടികൾക്കും യുകെയിലേക്ക് മടങ്ങിയെത്തുമ്പോൾ ഇ-ഗേറ്റുകൾ വഴി പരിശോധന പൂർത്തിയാക്കാം. മുമ്പ് പത്ത് വയസ്സോ അതിന് മുകളിലോ ഉള്ളവർക്ക് മാത്രമായിരുന്നു ഈ സൗകര്യം. ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പാസ്‌പോർട്ടിലെ ചിത്രവുമായി യാത്രക്കാരന്റെ മുഖം ഒത്തുനോക്കുന്ന സംവിധാനമായതിനാൽ, സാധാരണ പാസ്‌പോർട്ട് കൗണ്ടറുകളിലെ നീണ്ട ക്യൂ കുറയ്ക്കാൻ ഇത് സഹായിക്കും.
പുതിയ നിയമപ്രകാരം ഇ-ഗേറ്റ് ഉപയോഗിക്കാൻ കുട്ടികൾക്ക് കുറഞ്ഞത് 120 സെന്റിമീറ്റർ ഉയരം ഉണ്ടായിരിക്കണം. കൂടാതെ, ഒരു മുതിർന്ന വ്യക്തിയുടെ ഒപ്പമായിരിക്കണം കുട്ടികൾ യാത്ര ചെയ്യേണ്ടത്. ഈ മാറ്റം വഴി ഏകദേശം 15 ലക്ഷത്തോളം അധിക കുട്ടികൾക്ക് ഇ-ഗേറ്റ് സൗകര്യം പ്രയോജനപ്പെടുത്താനാകുമെന്നാണ് യുകെ സർക്കാർ കണക്കാക്കുന്നത്. ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങളുടെ യാത്രാക്ലേശം കുറയ്ക്കാനും വിമാനത്താവളങ്ങളിലെ നടപടികൾ വേഗത്തിലാക്കാനും തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
എന്നാൽ സാധാരണ ഇന്ത്യൻ പാസ്‌പോർട്ടിൽ ഇന്ത്യയിൽ നിന്ന് യുകെയിലെത്തുന്ന യാത്രക്കാർക്ക് ഈ ഇ-ഗേറ്റ് സൗകര്യം ബാധകമല്ല. നിലവിൽ ബ്രിട്ടീഷ് പൗരന്മാർക്കും യൂറോപ്യൻ യൂണിയൻ, ഓസ്ട്രേലിയ, കാനഡ, യുഎസ്, ജപ്പാൻ, ന്യൂസിലാൻഡ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ, സ്വിറ്റ്സർലാൻഡ് തുടങ്ങിയ നിർദ്ദിഷ്ട രാജ്യങ്ങളിലെ പൗരന്മാർക്കുമാണ് ഇ-ഗേറ്റ് ഉപയോഗിക്കാൻ അനുമതി. യുകെ വിസയോ ഇ-വിസയോ ഉള്ള ഇന്ത്യൻ പാസ്‌പോർട്ട് യാത്രക്കാർ സാധാരണയായി ബോർഡർ ഫോഴ്‌സ് ഉദ്യോഗസ്ഥർ ഉള്ള പാസ്‌പോർട്ട് കൗണ്ടറുകൾ വഴിയാണ് പ്രവേശന പരിശോധന പൂർത്തിയാക്കേണ്ടത്.
English Summary: The UK has lowered the e-gate age limit to eight, but the facility does not generally apply to Indian passport holders arriving from India.
