‘വൺ ഇൻ, വൺ ഔട്ട്’ പദ്ധതി അനീതിയെന്ന് യുകെയിലെത്തിയ അഭയാർഥി; വിവാദമായി ബ്രിട്ടന്റെ കുടിയേറ്റ നയം
‘വൺ ഇൻ, വൺ ഔട്ട്’ പദ്ധതിയിലൂടെ യുകെയിലെത്തിയ അഭയാർഥി, മറ്റൊരാളെ ഫ്രാൻസിലേക്ക് തിരിച്ചയച്ചതിന് പകരമായി തനിക്ക് അവസരം ലഭിച്ചത് അനീതിയാണെന്ന് വിമർശിച്ചു.
ലണ്ടൻ : ഫ്രാൻസിൽ നിന്ന് യുകെയിലേക്ക് നിയമപരമായി കൊണ്ടുവന്ന അഭയാർഥി, തനിക്ക് ലഭിച്ച അവസരം മറ്റൊരാളെ നാടുകടത്തിയതിന് പകരമായാണെന്നത് അനീതിയാണെന്ന് പ്രതികരിച്ചു. ചെറിയ ബോട്ടിൽ യുകെയിലെത്തിയ ഒരാളെ ഫ്രാൻസിലേക്ക് തിരിച്ചയയ്ക്കുകയും, അതിന് പകരമായി മറ്റൊരാളെ നിയമപരമായി ബ്രിട്ടനിലേക്ക് കൊണ്ടുവരുകയും ചെയ്യുന്ന വിവാദമായ ‘വൺ ഇൻ, വൺ ഔട്ട്’ പദ്ധതിയുടെ ഭാഗമായാണ് ഇയാൾ യുകെയിലെത്തിയത്. തനിക്ക് യുകെയിലെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെങ്കിലും, സമാനമായ അഭയാർഥി അപേക്ഷയുള്ള മറ്റൊരു വ്യക്തി ചെറിയ ബോട്ടിൽ എത്തിയെന്ന കാരണത്താൽ ഫ്രാൻസിലേക്ക് തിരിച്ചയയ്ക്കപ്പെട്ടത് ശരിയായ നടപടിയല്ലെന്ന് ഇയാൾ വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈയിൽ പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം 900-ത്തിലധികം പേരെ ഈ സംവിധാനം വഴി യുകെയിലെത്തി അഭയാർഥി അപേക്ഷ സമർപ്പിക്കാൻ അധികൃതർ അനുവദിച്ചിട്ടുണ്ട്. അതേസമയം, അനധികൃത മാർഗങ്ങളിലൂടെ യുകെയിലെത്തിയ സമാന എണ്ണം ആളുകളെ ഫ്രാൻസിലേക്ക് തിരിച്ചയച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പാരിസിൽ വച്ച് ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം ബയോമെട്രിക് വിവരങ്ങളും പാസ്പോർട്ടും പരിശോധിച്ച് താൽക്കാലിക വിസ ലഭിച്ചവരെ വിമാനമാർഗമാണ് യുകെയിലേക്ക് കൊണ്ടുവന്നത്. ചെറിയ ബോട്ടുകളിൽ ജീവൻ പണയംവച്ച് കടൽ കടക്കുന്നതിനെക്കാൾ ഈ യാത്ര സുരക്ഷിതവും വേഗത്തിലുള്ളതുമാണെങ്കിലും, യുകെയിൽ എത്തിയ ശേഷം അഭയാർഥി അപേക്ഷയുടെ പ്രധാന അഭിമുഖത്തിനായി ദീർഘകാലം കാത്തിരിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
യുകെയിൽ എത്തിയ ശേഷം ജോലി ചെയ്യാനോ പഠിക്കാനോ കഴിയാത്തത് ജീവിതത്തെ നിശ്ചലാവസ്ഥയിലാക്കുന്നുവെന്നും അഭയാർഥി വിമർശിച്ചു. ഉന്നത പഠനത്തിനായി സർവകലാശാല സ്കോളർഷിപ്പിന് അപേക്ഷിച്ചെങ്കിലും അഭയാർഥിയായതിനാൽ അർഹതയില്ലെന്ന് അറിയിച്ചതായും, ഇപ്പോൾ സന്നദ്ധപ്രവർത്തനങ്ങളിൽ മാത്രമാണ് താൻ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതി യഥാർഥവും സുരക്ഷിതവുമായ അഭയമാർഗമല്ലെന്ന് അഭയാർഥി കുടുംബങ്ങൾക്ക് പിന്തുണ നൽകുന്ന സേഫ് പാസേജ് സംഘടനയും കുറ്റപ്പെടുത്തി. എന്നാൽ, പദ്ധതിയുടെ ഭാഗമായി യുകെയിലേക്ക് മാറ്റുന്ന എല്ലാവർക്കും കർശനമായ സുരക്ഷാ, തിരിച്ചറിയൽ പരിശോധനകൾ ഉണ്ടെന്നും പരിശോധനകൾ പാസാകാത്തവരെ യുകെയിലേക്ക് കൊണ്ടുവരില്ലെന്നുമാണ് ഹോം ഓഫീസ് വ്യക്തമാക്കുന്നത്.
English Summary: An asylum seeker brought legally to the UK under the “one in, one out” scheme has criticised the policy as unfair to those deported to France.
