ഗ്ലാസ്‌ഗോ ആശുപത്രിയിൽ രോഗിക്ക് എബോള പരിശോധന; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ
ഗ്ലാസ്‌ഗോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് എബോള പരിശോധന നടക്കുമ്പോഴും സ്കോട്ട്ലൻഡിൽ സ്ഥിരീകരിച്ച കേസുകളില്ലെന്ന് അധികൃതർ അറിയിച്ചു.
ലണ്ടൻ : ഗ്ലാസ്‌ഗോയിലെ ക്വീൻ എലിസബത്ത് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് എബോള വൈറസ് ബാധയുണ്ടോയെന്ന കാര്യത്തിൽ വിദഗ്ധ പരിശോധനകൾ പുരോഗമിക്കുന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ച പുലർച്ചെയാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ നിലവിൽ സ്കോട്ട്ലൻഡിൽ എബോള കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പബ്ലിക് ഹെൽത്ത് സ്കോട്ട്ലൻഡ് വ്യക്തമാക്കി.
രോഗബാധിത പ്രദേശങ്ങളിൽ നിന്ന് യുകെയിൽ എത്തുന്നവരെ നിരീക്ഷിക്കാൻ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുമായി ചേർന്ന് ശക്തമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വിദേശത്തുനിന്ന് എത്തുന്നവരിലൂടെ രോഗം പടരാനുള്ള സാധ്യത വളരെ കുറവാണ്. ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ എൻഎച്ച്എസിന് മികച്ച സുരക്ഷാ സംവിധാനങ്ങളുണ്ട്. ആവശ്യമെങ്കിൽ രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും ആരോഗ്യവകുപ്പ് സജ്ജമാണ്.
നിലവിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോൺഗോയിൽ എബോള വ്യാപനം ശക്തമാണ്. അവിടെ എഴുന്നൂറോളം കേസുകളും നൂറിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോൺഗോയിലെ എബോള വ്യാപനത്തെ തുടർന്ന് ലോകാരോഗ്യ സംഘടന രാജ്യാന്തര പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഗ്ലാസ്‌ഗോയിലെ കേസ് സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ, ഈ പ്രഖ്യാപനത്തിന് ശേഷം യുകെയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ എബോള കേസായിരിക്കും ഇത്.
English Summary: A patient at a Glasgow hospital is being tested for Ebola, but officials say there are no confirmed cases in Scotland.
