മിഡിൽ ഈസ്റ്റ് യുദ്ധം: വിമാന സർവീസുകൾ ക്യാൻസൽ ആകുന്നത് തടയാൻ പുതിയ നിയമങ്ങളുമായി യുകെ സർക്കാർ

May 3, 2026 - 19:47
 0
മിഡിൽ ഈസ്റ്റ് യുദ്ധം: വിമാന സർവീസുകൾ ക്യാൻസൽ ആകുന്നത് തടയാൻ പുതിയ നിയമങ്ങളുമായി യുകെ സർക്കാർ

മിഡില്‍ ഈസ്റ്റ് യുദ്ധം കാരണമുണ്ടായേക്കാവുന്ന ജെറ്റ് ഫ്യുവല്‍ ക്ഷാമവും, ഫ്‌ളൈറ്റ് ക്യാന്‍സലേഷനുകളും പരിഹരിക്കാനായി പുതിയ പദ്ധതിയുമായി യുകെ സര്‍ക്കാര്‍. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടിന്റെ പുതിയ നിയമമനുസരിച്ച് എയര്‍ലൈന്‍ കമ്പനികള്‍ക്ക് ഒരേ ലക്ഷ്യത്തിലേയ്ക്ക് യാത്ര ചെയ്യുന്ന വിവിധ ഫ്‌ളൈറ്റുകളിലെ യാത്രക്കാരെ ഇതേ ലക്ഷ്യത്തിലേയ്ക്ക് യാത്ര ചെയ്യുന്ന മറ്റൊരു വിമാനത്തിലേയ്ക്ക് മാറ്റാവുന്നതാണ്. ഒരേ ലക്ഷ്യത്തിലേയ്ക്ക് നിരവധി ഫ്‌ളൈറ്റുകള്‍ യാത്ര ചെയ്യുന്നതിന് പകരമായി അവിടേയ്ക്ക് ചുരുക്കം ഫ്‌ളൈറ്റുകളില്‍ കൂടുതല്‍ യാത്രക്കാരെ എത്തിക്കുകയും, അതുവഴി ഇന്ധനച്ചെലവ് കുറയ്ക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. ഒരു വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക്, ഇതേ ലക്ഷ്യത്തിലേയ്ക്ക് യാത്ര ചെയ്യുന്ന മറ്റൊരു വിമാനത്തില്‍ കയറേണ്ടി വരുമെന്നര്‍ത്ഥം. ഈ വേനൽക്കാലത്തടക്കം യാത്രാ തടസ്സം നേരിടാതിരിക്കാനുള്ള താല്‍ക്കാലികമായ ഒരു നീക്കം മാത്രമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിട്ടുണ്ട്.

മറ്റൊരു നിര്‍ദ്ദേശം വിമാനക്കമ്പനികള്‍ക്കായി അനുവദിച്ചിട്ടുള്ള ടേക്ക് ഓഫ്, ലാന്‍ഡിങ് സ്ലോട്ടുകള്‍ താല്‍ക്കാലികമായി മടക്കി നില്‍കുക എന്നതാണ്. ഇത് കൂടുതല്‍ കാര്യക്ഷമമായി ഷെഡ്യൂളുകള്‍ തയ്യാറാക്കാനും, അവസാന നിമിഷത്തെ ക്യാന്‍സലേഷനുകള്‍ ഒഴിവാക്കാനും സഹായിക്കുമെന്ന് അധികൃതര്‍ പറയുന്നു.

ജനങ്ങളുടെ യാത്ര മുടങ്ങുന്നത് ഇല്ലാതാക്കാനാണ് പുതിയ നിര്‍ദ്ദേശങ്ങളെങ്കിലും ഇതിനെതിരായ ശബ്ദങ്ങളും ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. യാത്രക്കാരെ വിമാനക്കമ്പനികള്‍ അവര്‍ക്ക് തോന്നുന്ന സമയത്തുള്ള മറ്റൊരു വിമാനത്തിലേയ്ക്ക് കൂട്ടമായി മാറ്റുന്നത് കമ്പനികളെ സഹായിക്കുന്ന തരത്തിലുള്ളതാണെന്നാണ് ഒരു വിമര്‍ശനം. ഏതെങ്കിലും തരത്തില്‍ സര്‍വീസിന് തടസ്സം നേരിടുകയാണെങ്കില്‍ 14 ദിവസത്തിന് മുമ്പായി അക്കാര്യം യാത്രക്കാരെ അറിയിച്ചാല്‍, അവര്‍ക്ക് പുതിയ വിമാനം തിരഞ്ഞെടുക്കാനോ, റീഫണ്ട് ലഭിക്കാനോ ഉള്ള നിയമം ഇപ്പോള്‍ തന്നെ ഉള്ളതാണല്ലോ എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം നിലവില്‍ ജെറ്റ് ഫ്യുവല്‍ ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യമില്ലെന്നും, ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധിക്കായി മുന്‍കരുതലെന്നോണം രാജ്യം തയ്യാറെടുക്കുകയാണെന്നും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഹെയ്ദി അലക്‌സാണ്ടര്‍ പറഞ്ഞു. യാത്രക്കാര്‍ക്കും വിമാനക്കമ്പനികള്‍ക്കും നഷ്ടം വരാതെ കാര്യക്ഷമമായി സര്‍വീസ് നടത്താന്‍ ഉപകരിക്കുന്നതാണ് പുതിയ നിമയമമാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാത്രാ തടസ്സം നേരിടുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്ത് കിട്ടാനോ, അല്ലെങ്കില്‍ മറ്റൊരു വിമാനത്തില്‍ സീറ്റ് ലഭിക്കാനോ ഉള്ള അവകാശമുണ്ടെന്ന് സര്‍ക്കാര്‍ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്. 

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.