ജോർജ് കോട്രെൽ വീടും ചിത്രീകരണ സഹായവും നൽകിയെന്ന് ഫാരേജ്; പ്രഖ്യാപിക്കേണ്ടതില്ലെന്ന് വാദം
ജോർജ് കോട്രെൽ ലണ്ടനിലെ വീട് ഉപയോഗിക്കാൻ അനുവദിക്കുകയും ചിത്രീകരണച്ചെലവ് വഹിക്കുകയും ചെയ്തതായി നൈജൽ ഫാരേജ് സമ്മതിച്ചു.
ലണ്ടൻ : റീഫോം യുകെ നേതാവ് നൈജൽ ഫാരേജ്, തന്റെ അടുത്ത സുഹൃത്തായ ജോർജ് കോട്രെൽ ലണ്ടനിലെ ഒരു വീട് ഉപയോഗിക്കാൻ അനുവദിച്ചതും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് സമൂഹമാധ്യമ ചിത്രീകരണത്തിനുള്ള ചെലവ് വഹിച്ചതും സമ്മതിച്ചു. എന്നാൽ ഈ സഹായങ്ങൾ പ്രഖ്യാപിക്കേണ്ട രാഷ്ട്രീയ ആനുകൂല്യങ്ങളുടെ പരിധിയിൽപ്പെടുന്നില്ലെന്നാണ് ഫാരേജിന്റെ വാദം.
2024 ജൂൺ മൂന്നിന് പാർലമെന്റിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പാണ് സഹായങ്ങൾ ലഭിച്ചതെന്നും അന്ന് താൻ രാഷ്ട്രീയക്കാരനല്ലാതെ മാധ്യമപ്രവർത്തകനും പ്രചാരകനും സ്വകാര്യ ബിസിനസ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വ്യക്തിയുമായിരുന്നുവെന്നും ഫാരേജ് പറഞ്ഞു. കോട്രെലിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടശേഷം യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോട്രെലിന്റെ അമ്മ ഫിയോണ കോട്രെൽ റീഫോം യുകെയ്ക്ക് നൽകിയ അഞ്ച് ലക്ഷം പൗണ്ടിന്റെ സംഭാവനയുടെ യഥാർഥ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. തനിക്കും പാർട്ടിക്കുമെതിരായ വിവാദങ്ങൾ ഏകോപിത രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്ന് ഫാരേജ് ആരോപിച്ചു. അതേസമയം സഹായങ്ങൾ പ്രഖ്യാപിക്കേണ്ടതുണ്ടായിരുന്നോ എന്ന വിഷയത്തിൽ പാർലമെന്ററി സ്റ്റാൻഡേർഡ്സ് കമ്മീഷണറുടെ അന്വേഷണം തുടരുന്നു.
English Summary: Nigel Farage admitted receiving pre-election support from George Cottrell but insists it did not need to be declared.
