ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ആൻഡി ബേൺഹാം; രാജ്യത്തിനായി പത്തുവർഷ പദ്ധതി
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ആൻഡി ബേൺഹാം ചുമതലയേൽക്കുകയും രാജ്യത്തിനായി പത്തുവർഷത്തെ ദീർഘകാല പദ്ധതി പ്രഖ്യാപിക്കുകയും ചെയ്യും.
ലണ്ടൻ : ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ലേബർ നേതാവ് ആൻഡി ബേൺഹാം ചുമതലയേൽക്കും. സ്ഥാനമൊഴിയുന്ന കെയർ സ്റ്റാർമർ ഡൗണിങ് സ്ട്രീറ്റിൽ അവസാന പ്രസംഗം നടത്തിയശേഷം ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് രാജാവിന് രാജിക്കത്ത് സമർപ്പിക്കും. തുടർന്ന് രാജാവിനെ സന്ദർശിക്കുന്ന ബേൺഹാമിനെ ഔദ്യോഗികമായി പ്രധാനമന്ത്രിയായി നിയമിക്കും.
രാജ്യം നേരിടുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പത്തുവർഷത്തെ ദീർഘകാല പദ്ധതി അവതരിപ്പിക്കുമെന്ന് ബേൺഹാം അറിയിച്ചു. ഇത് താൻ പത്തുവർഷം അധികാരത്തിൽ തുടരുമെന്ന പ്രഖ്യാപനമല്ലെന്നും, ബ്രിട്ടന്റെ അടിസ്ഥാന ഘടനയിൽ ദീർഘകാല മാറ്റങ്ങൾ ആവശ്യമാണെന്ന സന്ദേശമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നടപടികൾ പുതിയ സർക്കാരിന്റെ ആദ്യ പരിഗണനയായിരിക്കും. വ്യക്തിഗത ആദായനികുതി ഇളവ് ലഭിക്കുന്ന പരിധി മരവിപ്പിച്ചിരിക്കുന്നതിനെക്കുറിച്ചുള്ള പരാതികളും പരിശോധിക്കുമെന്ന് ബേൺഹാം സൂചന നൽകി. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ ചുമതലയേറ്റതിന് പിന്നാലെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
English Summary: Andy Burnham will become the new UK prime minister and set out a 10-year plan focused on reform and living costs.
