മലയാളി ഫാഷൻ ഡിസൈനർ ഇമ്ന ഫെലിക്സ് ലണ്ടൻ ഫാഷൻ വേദികളിൽ ശ്രദ്ധേയനാകുന്നു
ലണ്ടൻ: കേരളത്തിൽ നിന്നുള്ള പ്രതിഭാധനനായ ഇമ്ന ഫെലിക്സ്, ഫാഷൻ ലോകത്ത് തന്റെ മികവ് കൊണ്ട് ലണ്ടനിൽ തന്റെ പേര് എഴുതിച്ചേർത്തിരിക്കുകയാണ്. മലയാള സിനിമയിൽ വസ്ത്രാലങ്കാര വിദഗ്ധനായും കലാസംവിധായകനായും പ്രവർത്തിച്ചിട്ടുള്ള ഇമ്ന ഫെലിക്സ്, ഇപ്പോൾ അന്താരാഷ്ട്ര ഫാഷൻ വേദിയിൽ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുന്നു. പാരിസ്, സിയോൾ, ഡൽഹി, ബാംഗ്ലൂർതുടങ്ങിയ സ്ഥലങ്ങളിലെ പ്രശസ്ത ഫാഷൻ ഷോകളിൽ തന്റെ ഡിസൈനുകൾ പ്രദർശിപ്പിച്ച് ലോകത്തിന്റെ ശ്രദ്ധ ഇമ്ന നേടിയെടുത്തു.
കഴിഞ്ഞ രണ്ട് വർഷമായി യുകെയിൽ താമസിക്കുന്ന ഇമ്ന ഫെലിക്സ്, ലണ്ടനിൽ നിന്നാണ് തന്റെ പുതിയ ആശയമായ “ലൈവ് ഡ്രേപ്പിങ്” എന്ന സാങ്കേതികത ലോകത്തിന് പരിചയപ്പെടുത്തിയത്. ഈ രീതിയിൽ, മോഡലിന്റെ ശരീരത്തിൽ നേരിട്ട് തുണി ഉപയോഗിച്ച് വസ്ത്രങ്ങൾ തയ്യാറാക്കുന്നത് കാണികൾക്ക് മുന്നിൽ തത്സമയം കാണാം. ലണ്ടനിലെ ഫാഷൻ ഷോകളിലും ഫോട്ടോഷൂട്ടുകളിലും ഈ നൂതന സമീപനം വലിയ പ്രശംസ നേടി.
ലണ്ടൻ ഫാഷൻ വീക്കിൽ ഇമ്ന ഫെലിക്സിന്റെ പ്രകടനം എല്ലാവരെയും ആകർഷിച്ചു. വേദിയിൽ ഒരു മോഡലിനെ തുണി കൊണ്ട് തത്സമയം അലങ്കരിച്ച്, മനോഹരമായ ഒരു ഗൗൺ സൃഷ്ടിച്ചു. ആ ഗൗൺ ധരിച്ച് മോഡൽ റാമ്പിൽ നടന്നപ്പോൾ കാണികൾ ആവേശത്തോടെ കയ്യടിച്ചു. ഇത് രണ്ടാം തവണയാണ് ഇമ്ന ഫെലിക്സ് ലണ്ടൻ ഫാഷൻ വീക്കിൽ തന്റെ ലൈവ് ഡ്രേപ്പിങ് കഴിവ് കാഴ്ചവെച്ചത്. ഈ നേട്ടം ഇമ്നയെ ഫാഷൻ രംഗത്തെ ഒരു മുൻനിരക്കാരനാക്കി മാറ്റി.
കേരളത്തിൽ നിന്നുള്ള ഈ മലയാളി യുവാവ്, ലണ്ടനിലെ കടുത്ത മത്സര ഫാഷൻ ലോകത്ത് തന്റെ പുതിയ ആശയങ്ങൾ കൊണ്ട് എല്ലാവരുടെയും മനസ് കീഴടക്കുന്നത് മലയാളികൾക്ക് അഭിമാനകരമാണ്. ആഗോള ഫാഷൻ ലോകത്ത് ഇമ്ന ഫെലിക്സിന്റെ പേര് ഇനിയും ഉയർന്ന് കേൾക്കുമെന്നതിൽ സംശയമില്ല.
