വീണ്ടും ദുഃഖവാർത്ത: യുകെയിൽ മലയാളി ജോനാസ് ജോസഫിന്റെ അപ്രതീക്ഷിത വിയോഗം

Apr 9, 2025 - 11:21
 0
വീണ്ടും ദുഃഖവാർത്ത: യുകെയിൽ മലയാളി ജോനാസ് ജോസഫിന്റെ അപ്രതീക്ഷിത വിയോഗം
ജോനാസ് ജോസഫ് (52)

ലണ്ടൻ: യുകെയിലെ മലയാളി സമൂഹത്തിന് വീണ്ടും ദുഃഖവാർത്ത. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശി ജോനാസ് ജോസഫ് (52) ഹൃദയാഘാതത്തെ തുടർന്ന് ലണ്ടനിൽ അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. രണ്ട് വർഷങ്ങൾക്ക് മുമ്പ് കുടുംബത്തോടൊപ്പം ലണ്ടനിലെത്തിയ ജോനാസ്, ഫിഞ്ച്‌ലിയിൽ താമസിച്ചു വരികയായിരുന്നു.

പുലർച്ചെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന്, ഭാര്യ സൗമിനി എബ്രഹാം അടിയന്തിര സേവനങ്ങളെ അറിയിക്കുകയായിരുന്നു. ആംബുലൻസ് ഉടൻ എത്തിച്ചേർന്നെങ്കിലും, അരമണിക്കൂറോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ജീവൻ രക്ഷിക്കാനായില്ല. പ്രാഥമിക നിഗമനപ്രകാരം, ഹൃദയാഘാതമാണ് മരണകാരണം.

ഫിഞ്ച്‌ലിയിലെ റിവെൻഡെൽ കെയർ ആൻഡ് സപ്പോർട്ടിൽ ജോലി ചെയ്യുന്ന സൗമിനി എബ്രഹാം ആണ് ഭാര്യ. മക്കൾ: ജോഷ്വാ ജോനാസ് (ഇയർ 8 വിദ്യാർത്ഥി), അബ്രാം ജോനാസ് (ഇയർ 3 വിദ്യാർത്ഥി). മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്കാര ചടങ്ങുകൾ നടത്താനുള്ള ശ്രമങ്ങൾ കുടുംബവും സുഹൃത്തുക്കളും നടത്തിവരുന്നു.

യുകെയിൽ തുടർച്ചയായി നടക്കുന്ന മലയാളികളുടെ മരണങ്ങൾ സമൂഹത്തിൽ ആശങ്ക ഉയർത്തുന്നുണ്ട്. കുടുംബത്തിന് അനുശോചനം അറിയിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.