കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ വിനായക ചതുർഥി മഹോത്സവം ഭക്തിനിർഭരമായി സമാപിച്ചു

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രവും കെന്റ് ഹിന്ദു സമാജവും സംയുക്തമായി സംഘടിപ്പിച്ച വിനായക ചതുർഥി മഹോത്സവം ഭക്തിനിർഭരവും ആഘോഷപൂർവവുമായി പരിസമാപ്തിയിലെത്തി. ആചാരാനുഷ്ഠാനങ്ങളോടെ നടന്ന ചടങ്ങുകൾക്ക് തന്ത്രി മുഖ്യൻ സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടത്തിരിപ്പാട് മുഖ്യ കർമികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി അഭിജിത് തിരുമേനിയും പൂജാരി ഹരിനാരായണൻ തിരുമേനിയും ചടങ്ങുകൾക്ക് സഹ കർമികത്വം വഹിച്ച് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് ഭക്തർ വിനായക ചതുർഥി മഹോത്സവത്തിൽ പങ്കെടുത്തു. ഗണപതി ഹോമം, അഭിഷേകം, പുഷ്പാഞ്ജലി തുടങ്ങിയ വിവിധ ചടങ്ങുകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ക്ഷേത്ര പരിസരം ഭക്തജനങ്ങളുടെ സാന്നിധ്യത്താൽ സജീവമായിരുന്നു. വിനായകന്റെ അനുഗ്രഹം തേടി എത്തിയ ഭക്തർ പ്രസാദവിതരണത്തോടെ മനസ്സുനിറഞ്ഞ് മടങ്ങി.
കെന്റ് ഹിന്ദു സമാജത്തിന്റെ കർമോത്സുകമായ സംഘാടനവും ഭക്തരുടെ സഹകരണവും ചടങ്ങിന്റെ വിജയത്തിന് കരുത്തേകി. ഇത്തരം ആഘോഷങ്ങൾ പ്രവാസി മലയാളികൾക്കിടയിൽ സാംസ്കാരികവും ആത്മീയവുമായ ഐക്യം ശക്തിപ്പെടുത്തുന്നുവെന്ന് സംഘാടകർ പറഞ്ഞു.