സ്കോട്ട്‌ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം വർണാഭമായി
ഗ്ലാസ്ഗോ: സ്കോട്ട്‌ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ മിൽഖവി ടൗൺഹാളിൽ “മേളം 2K25” എന്ന പേര് നൽകി നടന്ന ഓണാഘോഷം വർണാഭമായി. ഈസ്റ്റ് ഡൺബാർട്ടൺഷെയർ എം.പി. ശ്രീമതി സൂസൻ മുറെ ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു. കമ്മ്യൂണിറ്റി പ്രസിഡന്റ് ശ്രീ മാത്യു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ശ്രീ സുനിൽ പായിപ്പാട്, വിമൻസ് ഫോറം പ്രസിഡന്റ് ശ്രീമതി സ്മിത രഞ്ജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി പ്രൊഫസർ ശ്രീ ജോൺ, ഡോ. ഭാഗ്യലക്ഷ്മി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വിമൻസ് ഫോറത്തിന്റെ ഔപചാരിക ഉദ്ഘാടനവും ശ്രീമതി സൂസൻ മുറെ നിർവഹിച്ചു. പുതുതലമുറയ്ക്ക് കേരളീയ കലകളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ലണ്ടൻ നവധാര സ്കൂൾ ഓഫ് മ്യൂസിക്കിന്റെ നേതൃത്വത്തിൽ പഞ്ചവാദ്യ ശൃംഗാരി മേളം അരങ്ങേറി. കേരളത്തിന്റെ തനതു കലാരൂപമായ തിരുവാതിരകളി മത്സരവും നടന്നു. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് ക്യാഷ് പ്രൈസും എവർറോളിംഗ് ട്രോഫിയും നൽകി ആദരിച്ചു.
സ്കോട്ട്‌ലൻഡിലെ വിവിധ കലാകാരന്മാരുടെ വിവിധ പരിപാടികൾക്ക് പുറമേ, മെൽവിന്റെ നേതൃത്വത്തിൽ ഡി.ജെ. പരിപാടിയും നടന്നു. രാവിലെ 11 മണിക്ക് ആരംഭിച്ച ഓണാഘോഷ പരിപാടികൾ ഓണസദ്യ, തിരുവാതിരകളി, പഞ്ചവാദ്യ മേളം, കടുവ കളി, നൃത്തം, സംഗീതം, വടംവലി മത്സരം എന്നിവയോടെ രാത്രി 9 മണിവരെ നീണ്ടുനിന്നു. ഓണാഘോഷം സ്കോട്ട്‌ലൻഡിലെ മലയാളികൾക്ക് അവിസ്മരണീയ ഓർമകളായി. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും വൈസ് പ്രസിഡന്റ് ശ്രീമതി ഇന്ദിരാ സീത നന്ദി അറിയിച്ചു.
