വിദ്യാർത്ഥി വായ്പ തിരിച്ചടവ് വ്യവസ്ഥകളിൽ മാറ്റം വരുത്തിയത് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് യുകെ പാർലമെന്ററി കമ്മിറ്റി

May 28, 2026 - 11:15
 0
വിദ്യാർത്ഥി വായ്പ തിരിച്ചടവ് വ്യവസ്ഥകളിൽ മാറ്റം വരുത്തിയത് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് യുകെ പാർലമെന്ററി കമ്മിറ്റി

ലണ്ടൻ : യുകെയിൽ യൂണിവേഴ്സിറ്റി പഠനത്തിനായി വിദ്യാർത്ഥി വായ്പ എടുത്തവർക്ക് സർക്കാർ നൽകിയ വിവരങ്ങൾ തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്ന് പാർലമെന്ററി ട്രഷറി സെലക്ട് കമ്മിറ്റി അധ്യക്ഷ ഡെയിം മെഗ് ഹില്ലിയർ ആരോപിച്ചു. പ്ലാൻ 2 പ്രകാരം സ്റ്റുഡന്റ് ലോൺ എടുത്തവർക്ക് തിരിച്ചടവ് ആരംഭിക്കേണ്ട ശമ്പളപരിധി ഓരോ വർഷവും ശരാശരി വരുമാനവർധനവിന് അനുസൃതമായി ഉയർത്തുമെന്നായിരുന്നു മുൻപ് സർക്കാർ നൽകിയിരുന്ന ഉറപ്പ്. എന്നാൽ പിന്നീട് ഈ പരിധി മരവിപ്പിച്ചതോടെ ശമ്പള വർധനവ് ലഭിക്കുന്ന ബിരുദധാരികൾ പോലും തങ്ങളുടെ യഥാർത്ഥ വരുമാനത്തിൽ നിന്നും വലിയൊരു തുക വായ്പ തിരിച്ചടവിലേക്ക് നൽകേണ്ടി വരുന്ന കടുത്ത പ്രതിസന്ധിയിലാണ് ചെന്നെത്തിയിരിക്കുന്നത്.

2012 സെപ്റ്റംബർ മുതൽ 2023 ജൂലൈ വരെയുള്ള കാലയളവിൽ ഉന്നത പഠനം ആരംഭിച്ച വിദ്യാർത്ഥികൾക്കാണ് പ്ലാൻ 2 വായ്പാനിയമം ബാധകമായിട്ടുള്ളത്. നിലവിലെ നിയമപ്രകാരം പ്രതിവർഷം 29,385 പൗണ്ടിൽ കൂടുതൽ വരുമാനം നേടുന്ന ബിരുദധാരികൾ ഈ പരിധിക്ക് മുകളിലുള്ള തുകയുടെ 9 ശതമാനം തിരിച്ചടയ്ക്കണം. മുൻപ് ഭരിച്ചിരുന്ന കൺസർവേറ്റീവ് സർക്കാർ 2021 മുതൽ 2025 വരെ ഈ തിരിച്ചടവ് പരിധി മരവിപ്പിച്ചിരുന്നു. എന്നാൽ നിലവിലെ ചാൻസലർ റേച്ചൽ റീവ്സ് 2026 ലെ ഇതേ പരിധി 2030 വരെ വീണ്ടും മരവിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വരും വർഷങ്ങളിൽ യുകെയിലെ യുവ ബിരുദധാരികളുടെ സാമ്പത്തിക ഭാരം വലിയ തോതിൽ വർധിക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.

ലോൺ എടുക്കുന്ന സമയത്ത് ഈ നിബന്ധനകളിൽ ഭാവിയിൽ മാറ്റം വരുത്താൻ സർക്കാരിന് പൂർണ്ണ അധികാരമുണ്ടെന്ന കാര്യം തങ്ങൾക്ക് വ്യക്തമായി മനസ്സിലായിരുന്നില്ല എന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ട്രഷറി സെലക്ട് കമ്മിറ്റി നടത്തിയ പൊതു സർവേയിൽ 52,000-ത്തിലധികം ആളുകളാണ് പ്രതികരണങ്ങൾ രേഖപ്പെടുത്തിയത്. നിലവിലെ ഉയർന്ന പലിശനിരക്കും കർശനമായ തിരിച്ചടവ് വ്യവസ്ഥകളും തങ്ങളുടെ ഭാവി സാമ്പത്തിക ആസൂത്രണങ്ങളെ താളംതെറ്റിച്ചതായി ഭൂരിഭാഗം ബിരുദധാരികളും വ്യക്തമാക്കി. അതേസമയം കുറഞ്ഞ വരുമാനമുള്ളവരെ സംരക്ഷിക്കുന്ന രീതിയിലാണ് നിലവിലെ സംവിധാനം ക്രമീകരിച്ചിരിക്കുന്നതെന്നും പലിശനിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നുമാണ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.