യുകെയിൽ വ്യാജ ഡോക്ടറുടെ തെറ്റായ ചികിത്സയെ തുടർന്ന് അഞ്ചുവയസ്സുകാരിക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ട്
ലണ്ടൻ : യുകെയിൽ ക്ലിനിക്കൽ അസിസ്റ്റന്റായ ഫിസിഷ്യൻ അസോസിയേറ്റ് തെറ്റായ മരുന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് അഞ്ചുവയസ്സുകാരിക്ക് ഗുരുതരമായ ശാരീരിക അസ്വസ്ഥതകളും മാനസിക ആഘാതവും ഉണ്ടായതായി ഹെൽത്ത് ഓംബുഡ്സ്മാൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈസ്റ്റ് മിഡ്‌ലാൻഡ്‌സിലെ ഒരു ജനറൽ പ്രാക്ടീഷണർ ക്ലിനിക്കിലാണ് സംഭവം നടന്നത്. ചൊറിച്ചിലും മറ്റ് ബുദ്ധിമുട്ടുകളുമായി എത്തിയ കുട്ടിക്ക് ഡോക്ടറുടെ പദവിയില്ലാത്ത ഫിസിഷ്യൻ അസോസിയേറ്റ് യോനിയിൽ ഉപയോഗിക്കുന്ന പെസ്സറി എന്ന മരുന്നും ക്രീമും നിർദ്ദേശിക്കുകയായിരുന്നു. മകൾക്ക് ചികിത്സ നൽകുന്നത് യഥാർത്ഥ ഡോക്ടറാണെന്ന് കരുതിയ മാതാവ് മരുന്നിന്റെ കാര്യത്തിൽ സംശയം പ്രകടിപ്പിച്ചെങ്കിലും ഇതേറെ അനുയോജ്യമായ ചികിത്സയാണെന്ന് പറഞ്ഞ് അധികൃതർ ഇവരെ വിശ്വസിപ്പിക്കുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഒട്ടും അനുയോജ്യമല്ലാത്ത ഈ മരുന്ന് ഉപയോഗിച്ച ഉടൻ തന്നെ പെൺകുട്ടിക്ക് കടുത്ത വേദന അനുഭവപ്പെടുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. തുടർന്ന് മറ്റൊരു ഡോക്ടറുടെ അടുത്ത് എത്തിച്ച കുട്ടിയെ ആന്തരിക പരിശോധനയ്ക്ക് വിധേയമാക്കാൻ ശ്രമിച്ചപ്പോൾ ഭയന്നുവിറച്ച പെൺകുട്ടി വിസമ്മതിച്ചു. ഇത് ഒടുവിൽ കുട്ടിക്കെതിരെയുള്ള ലൈംഗിക അതിക്രമമാണോ എന്ന സംശയത്തിലേക്കും തുടർന്ന് ചൈൽഡ് സേഫ്ഗാർഡിങ് വിഭാഗത്തിന്റെ അന്വേഷണത്തിലേക്കും വരെ വഴിമാറി. പിന്നീട് മരുന്ന് കാരണമാണ് ഈ ബുദ്ധിമുട്ടുകൾ ഉണ്ടായതെന്ന് തെളിഞ്ഞെങ്കിലും ഈ സംഭവങ്ങൾ കുടുംബത്തിന് വലിയ മാനസിക വിഷമവും അപമാനവും ഉണ്ടാക്കാൻ കാരണമായി.
ഫിസിഷ്യൻ അസോസിയേറ്റുമാർക്ക് സ്വന്തമായി മരുന്ന് നിർദ്ദേശിക്കാൻ അനുമതിയില്ലെന്നിരിക്കെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കൃത്യമായ മേൽനോട്ടം വഹിക്കാതെയാണ് ഈ കുറിപ്പടിക്ക് അംഗീകാരം നൽകിയതെന്ന് ഓംബുഡ്സ്മാൻ കണ്ടെത്തി. മരുന്ന് നൽകിയ ഫാർമസിയും ഇതിൽ ജാഗ്രത പുലർത്തിയില്ല. കടുത്ത സുരക്ഷാ വീഴ്ച വരുത്തിയ മെഡിക്കൽ ക്ലിനിക്കിനോട് 1000 പൗണ്ടും ഫാർമസിയോട് 500 പൗണ്ടും മാതാവിന് നഷ്ടപരിഹാരം നൽകാൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. രോഗികളെ പരിശോധിക്കുന്ന വ്യക്തി ഡോക്ടറാണോ അല്ലയോ എന്ന് തിരിച്ചറിയാനുള്ള കൃത്യമായ സംവിധാനം വേണമെന്നും ആരോഗ്യരംഗത്ത് ഇത്തരം അസിസ്റ്റന്റുകളുടെ പ്രവർത്തന പരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.
A five-year-old girl in the UK was left traumatized and bleeding after a physician associate wrongly prescribed an unsuitable medical treatment without proper supervision from a doctor.
