ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷകരുടെ റെക്കോർഡ് വർധന; നിയമം കടുപ്പിക്കുന്നതിന് മുൻപ് അപേക്ഷകളുടെ വൻ തിരക്ക്

May 25, 2026 - 08:20
 0
ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷകരുടെ റെക്കോർഡ് വർധന; നിയമം കടുപ്പിക്കുന്നതിന് മുൻപ് അപേക്ഷകളുടെ വൻ തിരക്ക്

ലണ്ടൻ : ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. 2026 മാർച്ച് വരെയുള്ള ഒരു വർഷത്തിനിടെ 3,12,063 പേരാണ് പൗരത്വത്തിനായി അപേക്ഷിച്ചത്. എട്ട് വർഷം മുമ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഇരട്ടിയിലധികമാണ്. അഭയാർത്ഥികളും വിദേശ തൊഴിലാളികളും അവരുടെ ആശ്രിതരുമാണ് അപേക്ഷകരിൽ പ്രധാന വിഭാഗങ്ങൾ. പൗരത്വത്തിന് മുന്നോടിയായ ഇൻഡെഫിനിറ്റ് ലീവ് ടു റിമെയിൻ അഥവാ ഐഎൽആറിനായും കഴിഞ്ഞ രണ്ട് വർഷത്തിനിടെ 3,31,000 അപേക്ഷകൾ ലഭിച്ചതായി ഹോം ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നു.

ഹോം സെക്രട്ടറി ഷബാന മഹ്മൂദ് കൊണ്ടുവരാൻ തയ്യാറെടുക്കുന്ന കുടിയേറ്റ നിയമ മാറ്റങ്ങളാണ് അപേക്ഷകളിലെ ഈ വർധനയ്ക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. നിലവിൽ സാധാരണയായി അഞ്ച് വർഷം യുകെയിൽ താമസിച്ച ശേഷം ഐഎൽആറിന് അപേക്ഷിക്കാനാകുന്ന സാഹചര്യമാണുള്ളത്. എന്നാൽ പുതിയ നിർദേശപ്രകാരം, ഉയർന്ന വരുമാനക്കാർക്കും പൊതുമേഖലയിൽ ജോലി ചെയ്യുന്ന ചിലർക്കും ഒഴികെ, ഐഎൽആറിന് യോഗ്യത നേടാൻ കാത്തിരിക്കേണ്ട കാലാവധി അഞ്ച് വർഷത്തിൽ നിന്ന് പത്ത് വർഷമാക്കാനാണ് നീക്കം. നിലവിൽ യുകെയിലുള്ള കുടിയേറ്റ തൊഴിലാളികൾക്കും ഈ മാറ്റം ബാധകമാക്കാനാണ് പദ്ധതി. ഇതോടെ ഭാവിയിൽ നിയമങ്ങൾ കൂടുതൽ കടുപ്പിക്കപ്പെടും മുമ്പ് പൗരത്വവും സ്ഥിരതാമസ അവകാശവും ഉറപ്പാക്കാനാണ് പലരും അപേക്ഷിക്കുന്നതെന്നാണ് കുടിയേറ്റ വിദഗ്ധരുടെ വിലയിരുത്തൽ.

പൗരത്വ അപേക്ഷകരിൽ ഇന്ത്യക്കാരാണ് മുന്നിൽ. 31,298 ഇന്ത്യൻ പൗരന്മാരാണ് ഒരു വർഷത്തിനിടെ ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിച്ചത്. പിന്നാലെ പാകിസ്ഥാൻ, നൈജീരിയ, ഇറ്റലി, പോളണ്ട് എന്നീ രാജ്യങ്ങളിലെ പൗരന്മാരും കൂടുതലായി അപേക്ഷിച്ചു. അതേസമയം, ഷബാന മഹ്മൂദിന്റെ നിർദേശങ്ങൾ ലേബർ പാർട്ടിക്കകത്തും കടുത്ത ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. നിലവിൽ യുകെയിലുള്ളവർക്കും പുതിയ ഐഎൽആർ നിയമം ബാധകമാക്കുന്നതിനെതിരെ ആഞ്ചല റെയ്നർ ഉൾപ്പെടെ നിരവധി ലേബർ എംപിമാർ ആശങ്ക ഉയർത്തിയിട്ടുണ്ട്. മറുവശത്ത്, നിയമങ്ങൾ കൂടുതൽ വേഗത്തിൽ കടുപ്പിക്കണമെന്നാണ് കൺസർവേറ്റീവ് പാർട്ടിയുടെ നിലപാട്. കുടിയേറ്റത്തിൽ മുൻ സർക്കാരിന്റെ കാലത്ത് ഉണ്ടായ വർധനയുടെ പ്രതിഫലനമാണ് ഇപ്പോഴത്തെ പൗരത്വ അപേക്ഷകളിലെ വർധനയെന്നാണ് ഹോം ഓഫീസ് വിശദീകരണം.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.