യുകെയിലെ ലെസ്റ്ററിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ലണ്ടൻ/ലെസ്റ്റർ: കോഴിക്കോട് പുതിയറ, പ്രേമലയം വീട്ടിൽ അഖിൽ സൂര്യകിരൺ (32) ലെസ്റ്ററിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അവിവാഹിതനായ അഖിൽ, റോയൽ മെയിലിൽ ജോലി ചെയ്തിരുന്നു. പഠനത്തിനായി യുകെയിലെത്തിയ അഖിൽ, സ്റ്റേ-ബാക്ക് വിസയിൽ താമസിക്കവെയാണ് മരണം സംഭവിച്ചത്.
സുഹൃത്തുക്കൾ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് മൃതദേഹം വിശദ പരിശോധനയ്ക്കായി ലെസ്റ്റർ റോയൽ ഇൻഫർമറി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സുഹൃത്തുക്കൾ വഴി അഖിലിന്റെ കോഴിക്കോട്ടുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്.