വെയിൽസിലെ രാജകുമാരനും രാജകുമാരിയുമായ വില്യവും കേറ്റും വിൻഡ്സറിലെ അഡലെയ്ഡ് കോട്ടേജിൽ നിന്ന് പുതിയ വസതിയായ ഫോറസ്റ്റ് ലോഡ്ജിലേക്ക് താമസം മാറ്റുന്നു
ലണ്ടൻ: വെയിൽസിലെ രാജകുമാരനും രാജകുമാരിയുമായ വില്യവും കേറ്റും വിൻഡ്സറിലെ അഡലെയ്ഡ് കോട്ടേജിൽ നിന്ന് പുതിയ വസതിയായ ഫോറസ്റ്റ് ലോഡ്ജിലേക്ക് താമസം മാറ്റുന്നു. എട്ട് കിടപ്പുമുറികളുള്ള ഈ വീട് വിൻഡ്സറിന്റെ ഗ്രേറ്റ് പാർക്കിലാണ്. ഈ വർഷം അവസാനത്തോടെ മാറ്റം പൂർത്തിയാകുമെന്ന് കെൻസിങ്ടൺ കൊട്ടാരം വക്താവ് അറിയിച്ചു.
1600 കോടി രൂപ വിലമതിക്കുന്ന ഫോറസ്റ്റ് ലോഡ്ജ് വില്യവും കേറ്റും സ്വന്തം ചെലവിൽ വാങ്ങിയതാണ്. ഗ്രേഡ് II പട്ടികയിൽപ്പെട്ട ഈ കെട്ടിടത്തിൽ ചെറിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നു. ഒരു ജനൽ നീക്കം ചെയ്യലും അടുപ്പ് മെച്ചപ്പെടുത്തലും ഇതിൽ ഉൾപ്പെടുന്നു.
2001-ൽ 1.5 മില്യൺ പൗണ്ട് ചെലവിൽ പുതുക്കിപ്പണിത ഫോറസ്റ്റ് ലോഡ്ജിന്റെ പ്രതിമാസ വാടക മൂല്യം 15,000 പൗണ്ടാണ്. പുതിയ വീട് നിലവിലെ വസതിക്ക് സമീപമായതിനാൽ, കുട്ടികളായ ജോർജ്, ഷാർലറ്റ്, ലൂയിസ് എന്നിവർക്ക് സ്കൂൾ മാറ്റേണ്ടി വരില്ല.
വിൻഡ്സർ പ്രധാന വസതിയാണെങ്കിലും, നോർഫോക്കിലെ ആന്മർ ഹാളിലും കെൻസിങ്ടൺ കൊട്ടാരത്തിലെ അപ്പാർട്ട്മെന്റ് 1A-യിലും വെയിൽസ് കുടുംബത്തിന് വസതികളുണ്ട്. വില്യം പിന്തുടർച്ചയായി ലഭിച്ച ഡച്ചി ഓഫ് കോൺവാൾ എസ്റ്റേറ്റ് വിവാദമായതിനെ തുടർന്ന്, ചില ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് വാടക രഹിതമായി കെട്ടിടങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
