ബാങ്ക് ഓഫ് ഇംഗ്ലണ്ട് നോട്ടുകൾ പുതുക്കുന്നു: പൊതുജനാഭിപ്രായം തേടുന്നു

Jul 2, 2025 - 09:56
 0
ബാങ്ക് ഓഫ് ഇംഗ്ലണ്ട് നോട്ടുകൾ പുതുക്കുന്നു: പൊതുജനാഭിപ്രായം തേടുന്നു
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ചീഫ് ക്യാഷിയറായ വിക്ടോറിയ ക്ലെലാൻഡ്,

ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് 50 വർഷത്തിനിശേഷം തങ്ങളുടെ ബാങ്ക് നോട്ടുകൾക്ക് ആദ്യമായി വലിയ മാറ്റം വരുത്താൻ ഒരുങ്ങുന്നു. 1970 മുതൽ സർ വിൻസ്റ്റൺ ചർച്ചിൽ പോലുള്ള ചരിത്രപ്രമുഖരുടെ ചിത്രങ്ങൾ നോട്ടുകളിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, ഇനി പുതിയ തീമുകളിലേക്ക് മാറാനാണ് ബാങ്കിന്റെ പദ്ധതി. പ്രകൃതി, നവീകരണം, ചരിത്രസംഭവങ്ങൾ തുടങ്ങിയ വിഷയങ്ങൾ പരിഗണിക്കുന്നതിനൊപ്പം പൊതുജനങ്ങളുടെ അഭിപ്രായവും ബാങ്ക് തേടുന്നു. £5, £10, £20, £50 നോട്ടുകളിൽ ബ്രിട്ടീഷ് പക്ഷികൾ, പാലങ്ങൾ, അല്ലെങ്കിൽ പരമ്പരാഗത ഭക്ഷണം പോലുള്ളവ ഉൾപ്പെടുത്താനുള്ള സാധ്യതയും ചർച്ചയിലുണ്ട്.

1960 മുതൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നോട്ടുകളിൽ രാജാവിന്റെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. 1970-ൽ വില്യം ഷേക്സ്പിയർ മുതൽ തുടങ്ങി ചരിത്രപ്രമുഖരുടെ ചിത്രങ്ങൾ നോട്ടുകളുടെ പിൻവശത്ത് പ്രത്യക്ഷപ്പെട്ടു. എന്നാൽ, 2013-ൽ സ്ത്രീകളുടെ പ്രാതിനിധ്യം ഇല്ലാത്തതിനെച്ചൊല്ലി വലിയ വിവാദമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, പുതിയ നോട്ടുകളിൽ വൈവിധ്യമാർന്ന തീമുകൾ പരിഗണിക്കുകയാണ് ബാങ്ക്. വാസ്തുശില്പം, കല, കായികം, സാങ്കേതികവിദ്യ, പ്രകൃതി തുടങ്ങിയവയാണ് ബാങ്ക് നിർദേശിച്ചിരിക്കുന്ന ചില വിഷയങ്ങൾ. പൊതുജനങ്ങൾക്ക് സ്വന്തം നിർദേശങ്ങളും സമർപ്പിക്കാം.

ബാങ്കിന്റെ ചീഫ് ക്യാഷ്യർ വിക്ടോറിയ ക്ലീലാൻഡിന്റെ ഒപ്പ് നോട്ടുകളിൽ കാണാം. ബാങ്ക് നോട്ടുകൾ “നമ്മുടെ പോക്കറ്റിലെ ചെറിയ കലാസൃഷ്ടികൾ” എന്ന് വിശേഷിപ്പിച്ച അവർ, പുതിയ തീം ദേശീയ ഐക്യത്തിന്റെ പ്രതീകമാകണമെന്നും വിഭാഗീയത ഉണ്ടാക്കരുതെന്നും അഭിപ്രായപ്പെട്ടു. സുരക്ഷാ സവിശേഷതകളും പ്രവേശനക്ഷമതയും പുതിയ ഡിസൈനുകളിൽ പരിഗണിക്കും. സ്കോട്ട്ലൻഡിലെയും വടക്കൻ അയർലൻഡിലെയും നോട്ടുകളിൽ ഇതിനകം ലാൻഡ്മാർക്കുകളും മൃഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബെർമുഡയുടെ $5 നോട്ട് പോലുള്ളവ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുമുണ്ട്.

ജൂലൈ അവസാനം വരെ ബാങ്കിന്റെ വെബ്സൈറ്റിലോ തപാൽ മുഖേനയോ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ സമർപ്പിക്കാം. നോട്ടുകളിൽ എന്ത് ഉൾപ്പെടുത്തണമെന്ന അന്തിമ തീരുമാനം ബാങ്കിന്റെ ഗവർണർക്കാണ്. നിലവിൽ 470 കോടിയിലധികം നോട്ടുകൾ, ഏകദേശം 86 ബില്യൺ പൗണ്ടിന്റെ മൂല്യത്തിൽ, പ്രചാരത്തിലുണ്ട്. ഡിജിറ്റൽ പേയ്മെന്റുകൾ വർധിച്ചെങ്കിലും, ബാങ്ക് ഓഫ് ഇംഗ്ലണ്ട് ക്യാഷിന്റെ ലഭ്യത ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

English Summary: The Bank of England is planning a major redesign of its banknotes for the first time in over 50 years, moving away from historical figures like Winston Churchill to new themes such as nature, innovation, or historical events. The public is invited to suggest themes, with possibilities including British birds, landmarks, or cultural symbols. The consultation, open until July, aims to reflect national identity while ensuring accessibility and security. The final design decision rests with the Bank’s governor.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.