ലീഡ്‌സിൽ ദാരുണ അപകടം: മലയാളി യുവാവിന്റെ ജീവൻ പൊലിഞ്ഞു

ലീഡ്‌സ്, യുകെ: തിരുവനന്തപുരം സ്വദേശിയായ ജെഫേഴ്‌സൺ ജസ്റ്റിൻ (27) ലീഡ്‌സിൽ നടന്ന ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. ദുബായിൽ താമസിക്കുന്ന മലയാളി ദമ്പതികളുടെ മകനായ ജെഫേഴ്‌സൺ, കഴിഞ്ഞ ദിവസം വൈകിട്ട് 5:30-ന് A647 കനാൽ സ്ട്രീറ്റിലെ റെയിൽവേ ഓവർബ്രിഡ്ജിന് സമീപം ബൈക്ക് ഓടിക്കവേ അപകടത്തിൽപ്പെട്ടു.
റോഡിന്റെ വളവിൽ ബൈക്ക് സ്കിഡ് ചെയ്ത് നിയന്ത്രണം നഷ്ടപ്പെട്ട് മതിലിൽ ഇടിക്കുകയായിരുന്നു. കവന്ററി യൂണിവേഴ്സിറ്റിയിൽ പഠിച്ച ജെഫേഴ്‌സൺ, പഠന ശേഷം ലീഡ്‌സിൽ ജോലി ചെയ്തു വരികയായിരുന്നു. അപകടത്തിന് ശേഷം പൊലീസിന് ആദ്യം മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞില്ല. എന്നാൽ, ജെഫേഴ്‌സന്റെ ലൈസൻസിൽ നിന്ന് വിലാസം കണ്ടെത്തി, താമസസ്ഥലത്ത് വിവരം അറിയിക്കുകയായിരുന്നു.
ഈ ദുഃഖവാർത്ത യുകെ മലയാളി സമൂഹത്തിലും ദുബായിലുള്ള ജെഫേഴ്‌സന്റെ മാതാപിതാക്കളിലും ആഘാതമുണ്ടാക്കി. കുടുംബം ഉടൻ തന്നെ യുകെയിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ടു. തിരുവനന്തപുരം വെട്ടുകാട് സ്വദേശിയായ ജസ്റ്റിൻ പെരേരയുടെ മൂന്ന് മക്കളിൽ രണ്ടാമനാണ് ജെഫേഴ്‌സൺ.
നിലവിൽ, ജെഫേഴ്‌സന്റെ മൃതദേഹം ലീഡ്‌സിലെ എൻഎച്ച്എസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്കാര ചടങ്ങുകൾ എവിടെ നടത്തണമെന്ന് തീരുമാനിച്ച ശേഷം കുടുംബം കൂടുതൽ വിവരങ്ങൾ പങ്കുവെക്കും.