പിതാവിന്റെ കരൾ പകുത്ത് നൽകിയ സ്നേഹം: മലയാളി ബാലൻ റൊണാവ് യുകെയിൽ വിടവാങ്ങി

ലണ്ടൻ: പിതാവ് കരൾ പകുത്ത് നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ച മലയാളി ബാലൻ റൊണാവ് പോൾ (11) യുകെയിൽ അന്തരിച്ചു. ബർമിങ്ങാം വിമൻസ് ആൻഡ് ചിൽഡ്രൻസ് എൻഎച്ച്എസ് ഹോസ്പിറ്റലിൽ വ്യാഴാഴ്ച വൈകിട്ട് നാലിനാണ് റൊണാവ് വിടവാങ്ങിയത്. നോർത്താംപ്ടണിലെ നഴ്സ് ദമ്പതികളായ ഡോൺ കെ പൗലോസിന്റെയും ടീന ഡോണിന്റെയും മൂത്ത മകനാണ് റൊണാവ്. ജന്മനാ കരൾ രോഗങ്ങൾ ബാധിച്ചിരുന്ന റൊണാവിന്റെ ജീവൻ നിലനിർത്താൻ പിതാവ് സ്വന്തം കരളിന്റെ ഒരു ഭാഗം ദാനം ചെയ്തിരുന്നു.
റൊണാവിന്റെ രോഗപ്രതിരോധ ശേഷി കുറവായിരുന്നതിനാൽ തുടർചികിത്സകൾ നടന്നുവരികയായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാർഥിയായ റൊണാവ് പഠനത്തിനൊപ്പം കായിക മേഖലയിലും മികവ് പുലർത്തിയിരുന്നു. എറണാകുളം അങ്കമാലിയിൽ വീടുള്ള ഡോൺ കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശിയും ടീന തൃശൂർ സ്വദേശിയുമാണ്. ഇരുവരും നോർത്താംപ്ടൺ ജനറൽ ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റിൽ ജോലി ചെയ്യുന്നു.
റൊണാവിന്റെ അകാല വിയോഗം യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. സഹോദരങ്ങളായ ആരവും നിലവും മാതാപിതാക്കൾക്കൊപ്പം തീരാദുഃഖത്തിലാണ്. റൊണാവിന്റെ സംസ്കാരം യുകെയിൽ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. ഇതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. സമീക്ഷ യുകെ നോർത്താംപ്ടൺ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ഡോൺന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ സമീക്ഷ യുകെ നാഷനൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
സമൂഹത്തിന്റെ പ്രാർഥനകൾക്കിടയിലും റൊണാവിന്റെ വേർപാട് കുടുംബത്തിനും സുഹൃത്തുക്കൾക്കും താങ്ങാനാകാത്ത നഷ്ടമാണ്. റൊണാവിന്റെ ഓർമകൾ മലയാളി സമൂഹത്തിന്റെ മനസ്സിൽ എന്നും നിലനിൽക്കും. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് നിരവധി പേർ സാമൂഹിക മാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചു.
English Summary: Ronav Paul, an 11-year-old Malayali boy, passed away in Birmingham, UK, despite his father donating part of his liver to save him. Born with liver ailments, Ronav underwent continuous treatment but succumbed on Thursday. The son of nurses Don K Paulose and Teena Don, his demise has left the UK Malayali community in grief. His funeral will be held in the UK.