സുബിൻ അയ്യമ്പുഴയുടെ The Dream of a Young Girl Before Dawn ലോക ശ്രദ്ധ നേടുന്നു

ലണ്ടൻ: എറണാകുളം ജില്ലയിലെ അയ്യമ്പുഴ സ്വദേശിയായ സുബിൻ അയ്യമ്പുഴയുടെ The Dream of a Young Girl Before Dawn എന്ന ഷോർട്ട് ഫിലിം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാകുന്നു. 8 മിനിറ്റ് 36 സെക്കന്റ് ദൈർഘ്യമുള്ള ഈ ചിത്രം, മനുഷ്യന്റെ ആന്തരിക സംഘർഷങ്ങളെ കവിതാത്മകമായ ദൃശ്യങ്ങളിലൂടെ അവതരിപ്പിക്കുന്നു. സംഭാഷണങ്ങളില്ലാതെ, ഒരു പെൺകുട്ടിയുടെ സ്വപ്നത്തിൽ നിന്ന് യാഥാർഥ്യത്തിലേക്കുള്ള തിരച്ചിലുകളാണ് ചിത്രം പകർന്നുതരുന്നത്.
റഷ്യൻ ചിത്രകാരൻ കാൾ ബ്ര്യുല്ലോവിന്റെ The Dream of a Young Girl Before Dawn എന്ന പെയിന്റിംഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2024 ജൂണിൽ പുറത്തിറങ്ങിയ ഈ ചിത്രം, ഇന്ത്യ, ശ്രീലങ്ക, ലണ്ടൻ, ബ്രസീൽ, കാനഡ, നൈജീരിയ തുടങ്ങി 35-ലധികം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ നിന്ന് 150-ലേറെ പുരസ്കാരങ്ങൾ നേടി. ബ്രസീലിൽ നടന്ന FIVRS 2024 Videodança Film Festival-ൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രമെന്ന ബഹുമതിയും ഈ ചിത്രം സ്വന്തമാക്കി. Vancouver Youth International Film Festival 2024 കാനഡ , Nelas International Film Festival (യുകെ)& (നൈജീരിയ) , Witchcraft Film Festival (യുകെ ) തുടങ്ങിയ പ്രശസ്ത മേളകളിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടു.
സുബിൻ അയ്യമ്പുഴ തന്നെ രചന, സംവിധാനം, ഛായാഗ്രഹണം എന്നിവ നിർവഹിച്ച ഈ ചിത്രത്തിൽ റിയാൻ-മാരി ഡങ്കൻ, എൽസ ജോസഫ്, അമീർ ഖാൻ, അതുൽ ജോയ് എന്നിവർ അഭിനയിച്ചു. സ്വാതിഷ(നിർമാണം), കെ.ആർ. രാമചന്ദ്രൻ (എഡിറ്റിംഗ്), അഭിജിത്ത്-ലെനിൻ സ്റ്റാൻലി (സംഗീതം), ആകാശ് പിള്ളാരിക്കൽ (സൗണ്ട് മിക്സിങ്), അനുഷ (കലാസംവിധാനം) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ലണ്ടനിൽ ജോലി ചെയ്യുന്ന സുബിൻ, സിനിമയോടുള്ള അഭിനിവേശത്താൽ ജോലിത്തിരക്കിനിടയിലും ഈ ചിത്രം സൃഷ്ടിച്ചു. ജീവിതത്തിന്റെ ഉയർച്ചതാഴ്ചകളെ പ്രതിനിധീകരിക്കുന്ന ദൃശ്യങ്ങൾ, നീല, മഞ്ഞ, കറുപ്പ്, ചുവപ്പ് തുടങ്ങിയ നിറങ്ങളുടെ സമർഥമായ ഉപയോഗം, എന്നിവ ചിത്രത്തെ വേറിട്ടു നിർത്തുന്നു.
നിലവിൽ കഥാകൃത്ത്, അഭിനേതാവ്, സഹസംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സുബിൻ, തന്റെ അടുത്ത സൃഷ്ടിയുമായി ലോക സിനിമാ വേദിയിൽ മിന്നിത്തിളങ്ങുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.