സ്‌കോട്ട്‌ലൻഡിൽ മലയാളി വിദ്യാർഥിയുടെ ദുരൂഹ മരണം: റെയിൽവേ ട്രാക്കിൽ മൃതദേഹം

ലണ്ടൻ: സ്‌കോട്ട്‌ലൻഡിലെ സ്റ്റിർലിങ് യൂണിവേഴ്‌സിറ്റിയിൽ എംഎസ് സ്‌പോർട്‌സ് മാനേജ്‌മെന്റ് വിദ്യാർഥിയായ എബൽ തറയിൽ (24) എന്ന മലയാളിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. കോഴിക്കോട് താമസമാക്കിയ തൃശൂർ സ്വദേശികളാണ് എബലിന്റെ കുടുംബം. ബുധനാഴ്ച രാത്രി 9.30-ന് ബ്രിട്ടിഷ് ട്രാൻസ്‌പോർട്ട് പൊലീസിനും സ്‌കോട്ടിഷ് ആംബുലൻസ് സർവീസിനും അലോവയ്ക്കും സ്റ്റിർലിങിനുമിടയിലുള്ള ട്രാക്കിൽ മൃതദേഹം കണ്ടെത്തിയെന്ന വിവരം ലഭിച്ചു.
പോലീസിന്റെ പ്രാഥമിക നിഗമനം ആത്മഹത്യയാണെന്നാണ്. എന്നാൽ, എബൽ ആത്മഹത്യ ചെയ്യാൻ സാധ്യതയുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് കുടുംബവും സഹപാഠികളും വ്യക്തമാക്കി. മരണകാരണം കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. എബലിന്റെ സുഹൃത്തുക്കളെയും നാട്ടിലെ അമ്മയെയും സഹോദരനെയും പോലീസ് ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
യൂണിവേഴ്‌സിറ്റിയിൽ കലാസാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന എബൽ, വിദ്യാർഥികൾക്കിടയിൽ പ്രിയങ്കരനായിരുന്നു. അതിനാൽ, അപ്രതീക്ഷിത മരണം സഹപാഠികൾക്കും മലയാളി സമൂഹത്തിനും വലിയ നടുക്കം സൃഷ്ടിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരം നടത്താനാണ് കുടുംബത്തിന്റെ ആഗ്രഹം. ഇതിനായി മലയാളി സംഘടനകളും പൊതുപ്രവർത്തകരും നടപടികൾ സ്വീകരിച്ചുവരുന്നു.