മലയാളി യുവാവ് യുകെയിൽ കുഴഞ്ഞു വീണ് മരിച്ചു

യുകെ : കെന്റിലെ ഡാർട്ട്‌ഫോർഡിൽ മലയാളി യുവാവ് നിര്യാതനായി.പെരുമ്പാവൂർ ഐരാപുരം കുഴിച്ചാൽ സ്വദേശിയായ ബാബു ജേക്കബ് (48) വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭാര്യയാണ് ബാബുവിനെ നിലത്ത് അവശനിലയിൽ കണ്ടെത്തിയത്. ഉടൻ പാരാ മെഡിക്കൽ സേവനം തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഏകദേശം ഒരു വർഷം മുമ്പ് യുകെയിലെത്തിയ ബാബു, സമീപത്തെ ഒരു ആശുപത്രിയിൽ താത്കാലിക ജോലിയിൽ പ്രവേശിച്ചിട്ട് അധികകാലം ആയിരുന്നില്ല. ഭാര്യയും ഡാർട്ട്‌ഫോർഡിലെ ഒരു നഴ്സിങ് ഹോമിൽ ജോലിചെയ്തുവരികയാണ്.
മൃതുദേഹം ഇപ്പോൾ സമീപത്തുള്ള ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബാബുവിന്റെ പൊതുദർശനം, സംസ്കാര ചടങ്ങുകൾ എന്നിവ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.