ഗ്രീനോക്ക് മോസ്ക് ആക്രമണം: 17-കാരന് 10 വർഷം തടവ്

ലണ്ടൻ: സ്കോട്ട്ലൻഡിലെ ഗ്രീനോക്കിലെ ഇൻവെർക്ലൈഡ് മുസ്ലിം സെന്ററിന് നേരെ ഭീകരാക്രമണം ആസൂത്രണം ചെയ്ത 17 വയസ്സുകാരന് ഗ്ലാസ്ഗോ ഹൈക്കോടതി 10 വർഷത്തെ തടവുശിക്ഷ വിധിച്ചു. കഴിഞ്ഞ ജനുവരിയിൽ പൊലീസിന്റെ മിന്നൽ പരിശോധനയിൽ, എയർഗണ്ണും എയ്റോസോൾ ക്യാനുകളും കൈവശം വച്ചിരുന്ന പ്രതിയെ മോസ്കിന് പുറത്ത് നിന്ന് പിടികൂടി. ആരാധനാലയത്തിന് തീവച്ച് അകത്തുള്ളവരെ കൂട്ടക്കൊല ചെയ്യാനായിരുന്നു പ്രതിയുടെ ക്രൂരമായ പദ്ധതി. ജഡ്ജി ലോർഡ് ആർതർസൺ ഈ ശ്രമത്തെ “അത്യന്തം ഭീകരവും ദുഷ്ടവുമായ” കുറ്റകൃത്യമായി വിശേഷിപ്പിച്ചു.
വിധി പ്രസ്താവിക്കവെ, ജഡ്ജി ലോർഡ് ആർതർസൺ
13-ാം വയസ്സിൽ സോഷ്യൽ മീഡിയയിലൂടെ തീവ്രവാദ ആശയങ്ങളിലേക്ക് വഴുതിവീണ പ്രതി, അഡോൾഫ് ഹിറ്റ്‌ലർ, ബെനിറ്റോ മുസ്സോളിനി, നോർവീജിയൻ നിയോ-നാസി ഭീകരൻ ആന്റേഴ്സ് ബ്രെവിക്ക് എന്നിവരെ “പ്രചോദന”മായി കണക്കാക്കിയിരുന്നു. മോസ്ക് ആക്രമിക്കുന്നതിന് മുമ്പ്, സ്കൂളിൽ ബോംബ് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന പ്രതി, മോസ്കിന്റെ ഇമാമിനെ വഞ്ചിച്ച് മുസ്ലിമായി മാറാൻ താൽപ്പര്യമുണ്ടെന്ന് വരുത്തിത്തീർത്താണ് ആരാധനാലയത്തിൽ പ്രവേശനം നേടിയത്. ടെലിഗ്രാം ആപ്പ് വഴി ഒരു സുഹൃത്തിനോട് ആക്രമണം ലൈവ്-സ്ട്രീം ചെയ്യണമെന്നും “അന്തിമ” മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു.
പൊലീസിന്റെ സമയോചിതമായ ഇടപെടൽ ഈ ഭീകര പദ്ധതി തകർത്തു. മോസ്ക് ഏറ്റവും തിരക്കേറിയ സമയത്ത് ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്ന പ്രതി, കഴിഞ്ഞ മാസം തീവ്രവാദ കുറ്റങ്ങൾക്ക് കുറ്റസമ്മതം നടത്തി. 10 വർഷത്തെ തടവിന് പുറമെ, മോചനത്തിന് ശേഷം എട്ട് വർഷത്തെ കർശന നിരീക്ഷണവും കോടതി വിധിച്ചു. “വെള്ളക്കാരുടെ യുദ്ധം” എന്ന വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായാണ് പ്രതി ഈ കുറ്റകൃത്യത്തിന് മുതിർന്നത്. സ്കോട്ടിഷ് അസോസിയേഷൻ ഓഫ് മോസ്ക്‌സിന്റെ ഒമർ അഫ്സൽ, ഈ സംഭവം സമൂഹത്തെ ഞെട്ടിച്ചെങ്കിലും, വിദ്വേഷത്തിനെതിരെ ഐക്യവും ശക്തമായ നയങ്ങളും വേണമെന്ന് ആവശ്യപ്പെട്ടു.
മോസ്ക് ചെയർമാൻ മുഹമ്മദ് അക്തർ
മോസ്ക് ചെയർമാൻ മുഹമ്മദ് അക്തർ, പ്രതിയോട് ക്ഷമിക്കുന്നുവെന്നും അവന്റെ കുടുംബത്തോട് സഹതാപമുണ്ടെന്നും വ്യക്തമാക്കി. “പരസ്പര ധാരണയും ക്ഷമയും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വഴിയാണ്,” അദ്ദേഹം പറഞ്ഞു. പൊലീസിന്റെ വേഗത്തിലുള്ള നടപടിക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ക്രൗൺ ഓഫീസിന്റെ ഡെപ്യൂട്ടി പ്രോക്യുറേറ്റർ ഫിസ്കൽ സിനൈദിൻ കോറിൻസ്, ഈ കുറ്റകൃത്യത്തെ “വംശീയവും മതപരവുമായ വിദ്വേഷത്താൽ പ്രേരിതമായ ഹീനമായ” പ്രവൃത്തിയായി വിശേഷിപ്പിച്ചു.
English Summary: A 17-year-old who planned a terrorist attack on a mosque in Greenock, Scotland, has been sentenced to 10 years in custody.