യുകെയിൽ മലയാളി യുവാവിന് അകാലമരണം: കാപ്പി കുടിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത,ജീവൻ രക്ഷിക്കാനായില്ല

ലണ്ടൻ: യുകെയിലെ ലീഡ്‌സിൽ പ്രവാസി മലയാളി യുവാവ് നിര്യാതനായി. കോട്ടയം പുതുപ്പള്ളി സ്വദേശിയായ സി. എച്ച്. അനീഷ് ഹരിദാസ് (39) ആണ് അപ്രതീക്ഷിതമായി മരിച്ചത്.
പുലർച്ചെ കാപ്പി കുടിക്കുന്നതിനിടെ അനീഷിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ഉടൻതന്നെ സിപിആർ ഉൾപ്പെടെയുള്ള പ്രഥമശുശ്രൂഷകൾ നൽകുകയും,പാരാമെഡിക്സ് സംഘം സ്ഥലത്തേതിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ആറു മാസം മുമ്പാണ് അനീഷ്, ലീഡ്‌സിലെ ആശുപത്രിയിൽ നഴ്സായ ഭാര്യ ദിവ്യയുടെ ആശ്രിത വിസയിൽ യുകെയിൽ എത്തിയത്. ദമ്പതികൾക്ക് രണ്ട് പെൺമക്കളാണ് ഉള്ളത്.
അനീഷിന് മുൻപ് സാരമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഭാര്യ ദിവ്യയുടെ വെളിപ്പെടുത്തൽ. സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം, മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
കുടുംബാംഗങ്ങൾ മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോയി സംസ്‌ക്കരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനായി ലീഡ്‌സ് മലയാളി അസോസിയേഷൻ മുൻകൈ എടുത്ത് കുടുംബത്തെ സഹായിക്കാനുള്ള നടപടികൾ ആരംഭിച്ചു.
അനീഷിന്റെ അപ്രതീക്ഷിത വിയോഗം യുകെയിലെ മലയാളി സമൂഹത്തെയും നാട്ടുകാരെയും വേദനിപ്പിച്ചിരിക്കുകയാണ്.