ഇൻ്റർനെറ്റ് സേവനങ്ങൾ നിശ്ചലമാക്കി ആമസോൺ ക്ലൗഡ് തകരാർ: ലോകമെമ്പാടും പ്രതിസന്ധി
ലണ്ടൻ : ആമസോൺ വെബ് സർവീസസിൽ (AWS) ഉണ്ടായ സാങ്കേതിക തകരാർ ലോകമെമ്പാടുമുള്ള ഓൺലൈൻ സേവനങ്ങളെ തടസ്സപ്പെടുത്തി. സ്‌നാപ്ചാറ്റ്, റോബ്ലോക്സ്, ഡുവോലിംഗോ, സിഗ്നൽ തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകളും ആമസോണിന്റെ സ്വന്തം റീട്ടെയിൽ സൈറ്റുകളും റിങ് ഡോർബെൽ കമ്പനിയുടെ സേവനങ്ങളുമടക്കം നിരവധി പ്ലാറ്റ്‌ഫോമുകളെയാണ് തകരാർ ബാധിച്ചത്. ഡൗൺഡിറ്റെക്ടർ (Downdetector) റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമായി 2,000-ത്തിലധികം കമ്പനികളെയാണ് ഈ തടസ്സം ബാധിച്ചത്. യുകെയിലെ പ്രമുഖ ബാങ്കുകളായ ലോയ്ഡ്‌സ്, ഹാലിഫാക്സ്, ബാങ്ക് ഓഫ് സ്കോട്ട്ലൻഡ് എന്നിവയുടെ സേവനങ്ങളെയും എച്ച്എം റെവന്യൂ ആൻഡ് കസ്റ്റംസ് വെബ്സൈറ്റിനെയും തകരാർ ബാധിച്ചു.
യുഎസ് ഈസ്റ്റ് കോസ്റ്റിലെ AWS-ൻ്റെ ഡാറ്റാ സെൻ്ററുകളിലാണ് പ്രശ്നം ഉടലെടുത്തതെന്ന് കമ്പനി അറിയിച്ചു. പ്രാദേശിക സമയം രാവിലെ 8 മണിയോടെയാണ് തകരാർ റിപ്പോർട്ട് ചെയ്തത്. സെർവറുകളുടെ ലോഡ് നിയന്ത്രിക്കുന്ന 'ലോഡ് ബാലൻസറുകൾ' നിരീക്ഷിക്കുന്ന ആന്തരിക ഉപസിസ്റ്റത്തിലാണ് പിഴവ് സംഭവിച്ചതെന്നും ഇത് ഒരു സൈബർ ആക്രമണമല്ലെന്നും ആമസോൺ വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കുന്നതിനായി എഡബ്ല്യുഎസ് പ്ലാറ്റ്‌ഫോമിലേക്കുള്ള അഭ്യർത്ഥനകളുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്തി. ഉച്ചകഴിഞ്ഞ് 10.30 ഓടെ സേവനങ്ങൾ സാധാരണ നിലയിലായി തുടങ്ങിയെന്ന് കമ്പനി അറിയിച്ചെങ്കിലും വൈകുന്നേരവും ചിലയിടങ്ങളിൽ ഉയർന്ന നിരക്കിലുള്ള പിഴവുകൾ തുടരുന്നതായി റിപ്പോർട്ടുണ്ട്.
ഇൻ്റർനെറ്റ് സേവനങ്ങൾക്കായി ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ പോലുള്ള ചുരുക്കം ചില കമ്പനികളെ മാത്രം ആശ്രയിക്കുന്നത് അപകടകരമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ക്ലൗഡ് കമ്പ്യൂട്ടിംഗ് മേഖലയിൽ വൈവിധ്യവൽക്കരണം അനിവാര്യമാണ്. പ്രധാന അടിസ്ഥാന സൗകര്യങ്ങൾ യുഎസ് ടെക് ഭീമന്മാരുടെ ദയയ്ക്ക് വിട്ടുകൊടുക്കുന്നത് ഗുരുതരമായ സാഹചര്യമാണ് ഉണ്ടാക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. യുകെയുടെ സാമ്പത്തിക സേവന മേഖലയ്ക്ക് 'അത്യാവശ്യമായ മൂന്നാം കക്ഷി' ആയി ആമസോണിനെ ഇതുവരെ പ്രഖ്യാപിക്കാത്തതിൻ്റെ കാരണം തേടി ട്രഷറി കമ്മിറ്റി സാമ്പത്തിക സെക്രട്ടറിക്കെഴുതി.
English Summary:
A widespread outage in Amazon Web Services (AWS), the world's largest cloud computing platform, disrupted global online services, impacting numerous popular apps, websites, and banking operations, raising concerns about over-reliance on a few tech giants.
