വൻ പ്രഖ്യാപനം! ജോലി കിട്ടിയാൽ ഉടൻ 5000 പൗണ്ട് സമ്മാനം; യുവജനങ്ങളെ കൈയിലെടുക്കാൻ കൺസർവേറ്റീവുകൾ; പണം കണ്ടെത്താൻ ക്ഷേമപദ്ധതികൾ വെട്ടിമാറ്റും
£5,000 ടാക്സ് റിബേറ്റ് യുവജനങ്ങൾക്ക് വീട് വാങ്ങാൻ നൽകാനുള്ള കൺസർവേറ്റീവ് പദ്ധതി പ്രഖ്യാപിച്ചു. 47 ബില്യൺ പൗണ്ടിന്റെ പൊതുചെലവ് വെട്ടിച്ചുരുക്കിയാണ് ഈ പണം കണ്ടെത്തുന്നത്; ക്ഷേമം, വിദേശ സഹായം എന്നിവയ്ക്ക് കടുത്ത തിരിച്ചടി.

ലണ്ടൻ : ബ്രിട്ടനിലെ യുവജനങ്ങൾക്ക് സ്വപ്നഭവനം സ്വന്തമാക്കാൻ വമ്പൻ ഓഫറുമായി കൺസർവേറ്റീവ് പാർട്ടി കളത്തിൽ! ആദ്യമായി ജോലിയിൽ പ്രവേശിക്കുന്ന യുവതി യുവാക്കൾക്ക് 5,000 പൗണ്ട് (ഏകദേശം 5 ലക്ഷം രൂപ) ടാക്സ് റിബേറ്റ് നൽകാനാണ് പുതിയ പദ്ധതി. നാഷണൽ ഇൻഷുറൻസ് വിഹിതം 'ഫസ്റ്റ്-ജോബ് ബോണസ്' എന്ന പേരിൽ ദീർഘകാല സമ്പാദ്യ അക്കൗണ്ടിലേക്ക് മാറ്റിയായിരിക്കും ഈ തുക നൽകുക. മാഞ്ചസ്റ്ററിൽ നടക്കുന്ന പാർട്ടി സമ്മേളനത്തിൽ ഷാഡോ ചാൻസലർ മെൽ സ്ട്രൈഡ് ആണ് ഈ 'ലക്ഷണമൊത്ത' പ്രഖ്യാപനം നടത്തിയത്. എന്നാൽ ഈ പണം എവിടെ നിന്ന് വരുമെന്നല്ലേ? യുവജനങ്ങൾക്ക് ആനുകൂല്യം നൽകുമ്പോൾ തന്നെ 47 ബില്യൺ പൗണ്ടിന്റെ ഭീമൻ പൊതുചെലവ് വെട്ടിക്കുറയ്ക്കാനാണ് കെമി ബേഡെനോക്കിന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവുകളുടെ തീരുമാനം. ക്ഷേമം, സിവിൽ സർവീസ്, വിദേശ സഹായ ബഡ്ജറ്റ് എന്നിവയിൽ നിന്നാണ് ഈ തുക കണ്ടെത്തുക. 'നമ്മുടെ കയ്യിൽ ഇല്ലാത്ത പണം ചെലവഴിക്കുന്ന നാടകം ഇനി വേണ്ട' എന്ന സ്ട്രൈഡിന്റെ പ്രസ്താവന തന്നെ കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ലേബർ ഗവൺമെന്റിന്റെ ഭവന പരിഷ്കരണ നീക്കങ്ങൾക്കിടെയാണ് കൺസർവേറ്റീവുകൾ യുവജനങ്ങളെ ലക്ഷ്യമിട്ടുള്ള തകർപ്പൻ പ്രഖ്യാപനവുമായി രംഗത്ത് വരുന്നത്. കെമി ബേഡെനോക്ക് പാർട്ടി നേതൃത്വം ഏറ്റെടുത്ത ശേഷം ഒരു വർഷം തികയുമ്പോൾ, രാഷ്ട്രീയ എതിരാളിയായ 'റിഫോം യുകെ'യെ പ്രതിരോധിക്കാനും, തങ്ങളാണ് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ളവർ എന്ന് തെളിയിക്കാനുമുള്ള തന്ത്രമായാണ് ഈ നീക്കത്തെ നിരീക്ഷകർ വിലയിരുത്തുന്നത്. ക്ഷേമനിധി ബില്ലിൽ നിന്ന് മാത്രം 23 ബില്യൺ പൗണ്ടും, സിവിൽ സർവീസ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിലൂടെ 8 ബില്യൺ പൗണ്ടും, വിദേശ സഹായത്തിൽ 7 ബില്യൺ പൗണ്ടിന്റെയും കുറവാണ് സ്ട്രൈഡ് ലക്ഷ്യമിടുന്നത്. ഇതുകൂടാതെ, മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവർക്കുള്ള 'ചെറിയ' ക്ഷേമ സഹായങ്ങൾ നിർത്തലാക്കി പണം നൽകുന്നതിന് പകരം ചികിത്സ നൽകും എന്നും വാദിക്കുന്നു. എന്നാൽ ഇത്രയും ഭീമമായ വെട്ടിച്ചുരുക്കലുകൾ വലിയ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.
എന്നാൽ 'സഹായ ബഡ്ജറ്റ് വെട്ടിക്കുറയ്ക്കുന്നത് ധാർമ്മികമായി തെറ്റാണ്' എന്ന് അന്താരാഷ്ട്ര സംഘടനകൾ വിമർശിക്കുമ്പോഴും, കൺസർവേറ്റീവുകൾക്ക് ഇതൊന്നും ഒരു പ്രശ്നമേയല്ല. അഭയാർത്ഥികൾക്കായി ഹോട്ടലുകൾ ഉപയോഗിക്കുന്നത് നിർത്തലാക്കിയും, വിദേശികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നത് കുറച്ചും കോടികൾ ലാഭിക്കാനുള്ള ഞെട്ടിക്കുന്ന പദ്ധതികളാണ് അവർക്ക് മുന്നിലുള്ളത്. കൂടാതെ, കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആനുകൂല്യം നൽകുന്ന നിലവിലെ 'രണ്ട്-കുട്ടി പരിധി' (Two-child benefit cap) തുടരുമെന്നും പാർട്ടി വ്യക്തമാക്കി. ഈ പരിധി മാറ്റിയാൽ 4,70,000 കുട്ടികളെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിക്കാമെന്ന് പഠനങ്ങളുണ്ടെങ്കിലും, 'ആനുകൂല്യം വാങ്ങുന്നവരും സാധാരണക്കാരെപ്പോലെ മക്കളെ വളർത്തുന്ന കാര്യത്തിൽ ഒരുപോലെ ശ്രദ്ധിക്കണം' എന്ന നിലപാടാണ് കെമി ബേഡെനോക്കിനുള്ളത്. അടുത്ത മാസം ലേബർ ചാൻസലർ റേച്ചൽ റീവ്‌സിന്റെ ബഡ്ജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി, ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ തീപാറുന്ന ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.
English Summary: The Conservative Party announced a £5,000 tax rebate for young first-time homebuyers, funded by £47 billion in public spending cuts over five years, triggering major political debate.