യൂറോപ്പിലെ ആദ്യ യൂണിവേഴ്സൽ തീം പാർക്ക് യുകെയിലേക്ക്

ലണ്ടൻ : യൂറോപ്പിലെ ആദ്യ യൂണിവേഴ്സൽ തീം പാർക്ക് യുകെയിൽ സ്ഥാപിക്കപ്പെടുന്നു. ബെഡ്‌ഫോർഡിന് സമീപം ഉടൻ നിർമാണം ആരംഭിക്കുന്ന ഈ പാർക്ക് 2031-ഓടെ പ്രവർത്തനക്ഷമമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
476 ഏക്കർ വിസ്തൃതിയിൽ പടർന്നുകിടക്കുന്ന ഈ സമുച്ചയം നിർമാണത്തിലൂടെ ഏകദേശം 28,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. ആദ്യ വർഷം തന്നെ 8.5 ദശലക്ഷം സന്ദർശകരെ ആകർഷിക്കാൻ ഈ പാർക്കിന് കഴിയുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
യൂണിവേഴ്സൽ കമ്പനിയുടെ ഈ നിക്ഷേപം ബെഡ്‌ഫോർഡിനെ ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി കീർ സ്റ്റാർമർ അഭിപ്രായപ്പെട്ടു. പ്രഖ്യാപന ചടങ്ങിൽ കീർ സ്റ്റാർമർ, ചാൻസലർ റേച്ചൽ റീവ്സ്, കോംകാസ്റ്റ് കോർപ്പറേഷൻ പ്രസിഡന്റ് മൈക്കൽ കവാനി, ബെഡ്‌ഫോർഡ് ബറോ കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് ലോറ ചർച്ച്, യൂണിവേഴ്സൽ ഡെസ്റ്റിനേഷൻസ് ആൻഡ് എക്സ്പീരിയൻസ് ചെയർമാനും സിഇഒയുമായ മാർക്ക് വുഡ്‌ബറി എന്നിവർ പങ്കെടുത്തു.
മിനിയൻസ്, വിക്കഡ് തുടങ്ങിയ സിനിമകൾ നിർമിച്ച യൂണിവേഴ്സലിന് യുഎസിലെ ഒർലാൻഡോ, ലോസ് ഏഞ്ചൽസ്, ജപ്പാൻ, സിംഗപ്പൂർ, ചൈന എന്നിവിടങ്ങളിൽ തീം പാർക്കുകൾ നിലവിലുണ്ട്. പദ്ധതി പൂർത്തിയാകുമ്പോൾ യൂറോപ്പിലെ ഏറ്റവും വലുതും നൂതനവുമായ തീം പാർക്കുകളിലൊന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ.
ഇവിടെ ജോലി ലഭിക്കുന്നവരിൽ 80% പേർ ബെഡ്‌ഫോർഡ്, സെൻട്രൽ ബെഡ്‌ഫോർഡ്ഷെയർ, ലൂട്ടൺ, മിൽട്ടൺ കെയ്ന്സ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരിക്കുമെന്ന് യൂണിവേഴ്സൽ ഡെസ്റ്റിനേഷൻസ് ആൻഡ് എക്സ്പീരിയൻസ് അറിയിച്ചു. യുകെയുടെ നിർമാണ മേഖലയ്ക്ക് പുത്തനുണർവ് നൽകുന്നതിനും ഈ പദ്ധതി സഹായകമാകും.
നിർമാണത്തിന് ബ്രിട്ടീഷ് നിർമിത സ്റ്റീൽ ഉപയോഗിക്കാൻ സർക്കാരും നിർമാണ കമ്പനികളും തമ്മിൽ ധാരണയായതായി ചാൻസലർ റേച്ചൽ റീവ്സ് വെളിപ്പെടുത്തി. 500 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലും തീം പാർക്കിന്റെ ഭാഗമായി ഉണ്ടാകും. ഇതിനായി യൂണിവേഴ്സൽ ഇതിനകം 476 ഏക്കർ ഭൂമി വാങ്ങിക്കഴിഞ്ഞു.