ഐ.ഒ.സി. സ്കോട്ട്ലൻഡ് യൂണിറ്റിന്റെ ഔപചാരിക ഉദ്ഘാടനം: ‘ഇന്ത്യ’യെ ആസ്പദമാക്കിയ ചിത്രരചന മത്സരത്തോടെ
ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ യുകെ ഘടകമായ സ്കോട്ട്ലൻഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘ഇന്ത്യ’ എന്ന ആശയത്തെ ആസ്പദമാക്കി എഡിൻബറയിലെ സെന്റ് കാതറിൻ ചർച്ച് ഹാളിൽ ചിത്രരചന മത്സരം നടന്നു. വിവിധ പ്രായവിഭാഗങ്ങളിൽപ്പെട്ട 25-ലധികം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്കോട്ട്ലൻഡ് യൂണിറ്റിന്റെ ഔപചാരിക പ്രവർത്തന ഉദ്ഘാടനം ഓവർസീസ് കോൺഗ്രസ് കേരള ഘടകം പ്രസിഡന്റ് ഷൈനി ക്ലയർ മാത്യു നിർവഹിച്ചു. ചടങ്ങിൽ സ്കോട്ട്ലൻഡ് യൂണിറ്റ് പ്രസിഡന്റ് മിഥുൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ ഘടകം ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, സെൻട്രൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷോബിൻ സാം, സ്കോട്ട്ലൻഡ് ഘടകം ജനറൽ സെക്രട്ടറി സുനിൽ പായിപ്പാട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിനായി പ്രവർത്തിച്ച കേരള ഘടകം യുകെ പ്രസിഡന്റ് ഷൈനി ക്ലയർ മാത്യുവിനെയും ഓവർസീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി റോമി കുര്യാക്കോസിനെയും യോഗം അനുമോദിച്ചു. വിജയാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് വിതരണം ചെയ്തു.
ചിത്രരചന മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് ട്രോഫികൾ, സർട്ടിഫിക്കറ്റുകൾ, മറ്റ് സമ്മാനങ്ങൾ എന്നിവ സമ്മാനിച്ചു.
