ബ്രിട്ടനിൽ പണപ്പെരുപ്പം 18 മാസത്തെ ഉയർന്ന നിരക്കിൽ; സമ്മർദ്ദത്തിൽ സർക്കാരും സമ്പദ്‌വ്യവസ്ഥയും

ബ്രിട്ടനിൽ പണപ്പെരുപ്പം ജൂൺ മാസത്തിൽ അപ്രതീക്ഷിതമായി ഉയർന്ന് 18 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 3.6% ൽ എത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) പുറത്തുവിട്ട കണക്കുകൾ പ്രകാരം, മെയ് മാസത്തിലെ 3.4% ൽ നിന്നാണ് ഈ വർധന. മോട്ടോർ ഇന്ധന വിലകളും ഭക്ഷ്യവസ്തുക്കളുടെ വിലവർധനയുമാണ് ഈ കുതിപ്പിന് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മിക്ക വിശകലന വിദഗ്ധരും പണപ്പെരുപ്പത്തിൽ മാറ്റമുണ്ടാകില്ലെന്ന് പ്രവചിച്ചിരുന്നെങ്കിലും, ഈ കണക്കുകൾ അവരെ അമ്പരപ്പിച്ചിരിക്കുകയാണ്.
2024 ജനുവരി മുതലുള്ള ഏറ്റവും ഉയർന്ന വാർഷിക പണപ്പെരുപ്പ നിരക്കാണ് 3.6% എന്നത്. ONS-ന്റെ ആക്ടിംഗ് ചീഫ് എക്കണോമിസ്റ്റ് റിച്ചാർഡ് ഹേയ്സ് പറഞ്ഞതനുസരിച്ച്, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വലിയ തോതിൽ കുറഞ്ഞിരുന്ന മോട്ടോർ ഇന്ധന വിലകൾ ഈ വർഷം നേരിയ തോതിൽ മാത്രം കുറഞ്ഞത് പണപ്പെരുപ്പ വർധനയ്ക്ക് കാരണമായി. ഭക്ഷ്യവസ്തു വിലകളുടെ പണപ്പെരുപ്പം തുടർച്ചയായ മൂന്നാം മാസവും ഉയർന്ന് ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ശക്തമായ നിരക്കിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ഈ പണപ്പെരുപ്പ വർധന യുകെ സമ്പദ്‌വ്യവസ്ഥ മെയ് മാസത്തിൽ തുടർച്ചയായ രണ്ടാം മാസവും ചുരുങ്ങിയതിന് പിന്നാലെയാണ് വരുന്നത്. ഇത് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്, പ്രത്യേകിച്ച് യുഎസ് തീരുവകൾ മൂലമുള്ള അനിശ്ചിതത്വത്തിനിടയിൽ. ചാൻസലർ റേച്ചൽ റീവ്സ്, ജീവിതച്ചെലവ് പ്രശ്നങ്ങൾ നേരിടുന്ന ജനങ്ങളെ പിന്തുണയ്ക്കാൻ “ഇനിയും ഏറെ ചെയ്യാനുണ്ട്” എന്ന് വ്യക്തമാക്കി, ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഉറപ്പ് നൽകി.
അപ്രതീക്ഷിതമായ ഈ പണപ്പെരുപ്പ വർധനയ്ക്കിടയിലും, സാമ്പത്തിക വളർച്ച മന്ദഗതിയിൽ തുടരുന്നതിനാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത മാസം പലിശനിരക്കിൽ 25 ബേസിസ് പോയിന്റിന്റെ കുറവ് വരുത്തിയേക്കുമെന്ന് ചില സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. “CPI പണപ്പെരുപ്പത്തിലെ വർധന ബാങ്കിന്റെ പലിശനിരക്ക് കുറയ്ക്കൽ തീരുമാനത്തെ തടയില്ല, പക്ഷേ പലിശനിരക്ക് കുറയ്ക്കൽ ക്രമാനുഗതമായി തുടരാൻ ഇത് ബാങ്കിന് മേൽ സമ്മർദ്ദം ചെലുത്തും,” എന്ന് കാപിറ്റൽ എക്കണോമിക്സിലെ ഡെപ്യൂട്ടി ചീഫ് യുകെ എക്കണോമിസ്റ്റ് റൂത്ത് ഗ്രിഗറി അഭിപ്രായപ്പെട്ടു.
English Summary: British inflation unexpectedly rose to an 18-month high of 3.6% in June, driven by high motor fuel and food prices, posing challenges for the UK government and economy.