ലേബർ പാർട്ടി എംപി ഡാൻ നോറിസ് ലൈംഗിക കുറ്റാരോപണങ്ങളിൽ അറസ്റ്റിൽ

ലണ്ടൻ: ഇംഗ്ലണ്ടിലെ നോർത്ത് ഈസ്റ്റ് സോമർസെറ്റ്-ഹാൻഹാം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലേബർ പാർട്ടി എംപി ഡാൻ നോറിസ് (65) കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനും ബലാത്സംഗത്തിനും ആരോപണവിധേയനായി അറസ്റ്റിലായി.
അവൺ ആൻഡ് സോമർസെറ്റ് പൊലീസ് ഡിസംബർ 2024-ൽ ലഭിച്ച ഒരു പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഈ അറസ്റ്റ്.2000, 2020, 2024 വർഷങ്ങളിൽ നിരവധി കുട്ടികളെ പീഡിപ്പിച്ചതായി ഇപ്പോൾ പരാതി ലഭിച്ചിട്ടുണ്ടെന്നും കേസുകൾ സംബന്ധിച്ച അന്വേഷണങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഡാൻ നോറിസ് മുൻപ് വാൻസ്‌ഡൈക്ക് മണ്ഡലത്തെ പ്രതിനിധീകരിച്ച് 1997 മുതൽ 2010 വരെ പാർലമെന്റ് അംഗമായിരുന്നു. 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയിലെ ജേക്കബ് റീസ്-മോഗിനെ പരാജയപ്പെടുത്തി എംപിയായി തിരഞ്ഞെടുത്തു. കൂടാതെ, 2021 മുതൽ വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് മേയറായും സേവനമനുഷ്ഠിച്ചു.
ലേബർ പാർട്ടി നേതാക്കൾ ഈ അറസ്റ്റിനെ തുടർന്ന് അടിയന്തര യോഗം ചേർന്ന് ഡാൻ നോറിസിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
അവൺ ആൻഡ് സോമർസെറ്റ് പൊലീസ് നടത്തിയ അന്വേഷണത്തിൽ, ഡാൻ നോറിസിനെതിരെ പൊതുജനങ്ങളുടെ വിശ്വാസത്തെ ദുരുപയോഗം ചെയ്തതിനുള്ള ആരോപണവും ഉൾപ്പെടുന്നു.
ഈ കേസിലെ അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായാൽ പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.