യോർക്കിലെ മലയാളികളുടെ പ്രിയ ഗായകൻ മോഡി തോമസ് വിടവാങ്ങി
ലണ്ടൻ∙ യോർക്കിലെ മലയാളി സമൂഹത്തിന് സുപരിചിതനായിരുന്ന ഗായകനും സാംസ്കാരിക പ്രവർത്തകനുമായ മോഡി തോമസ് ചങ്കൻ (55) കാൻസർ ബാധിതനായി ചികിത്സയിലിരിക്കെ അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അന്ത്യം. യോർക്ക് മലയാളി അസോസിയേഷന്റെ സജീവ അംഗമായിരുന്ന മോഡി, നിരവധി കലാപരിപാടികളിലും ആഘോഷങ്ങളിലും തന്റെ സംഗീതത്തിലൂടെ എല്ലാവരെയും ആകർഷിച്ചിരുന്നു.
സംഗീതത്തോടുള്ള അടങ്ങാത്ത പ്രണയം മോഡിയെ എപ്പോഴും വ്യത്യസ്തനാക്കി. ചികിത്സയ്ക്കിടയിലും അവസാന നാളുകളിൽ പോലും പ്രിയപ്പെട്ട ഗാനങ്ങൾ കേൾക്കുകയും പാടുകയും ചെയ്തിരുന്നതായി അടുത്ത സുഹൃത്തുക്കൾ പറയുന്നു. ആ സംഗീതം ആശ്വാസവും ശക്തിയും പകർന്നു നൽകിയെന്ന് കുടുംബാംഗങ്ങൾ ഓർമിക്കുന്നു.
തൃശൂർ സ്വദേശിയായ മോഡി, പരേതരായ സി.എ. തോമസ് ചങ്കന്റെയും അന്നം തോമസിന്റെയും മകനാണ്. ഭാര്യ സ്റ്റീജ പൂവത്തുശേരി തെക്കിനേടത്ത് കുടുംബാംഗമാണ്. മക്കളായ റോയ്സ് മോഡി ലീഡ്സ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയും, അന്ന മോഡി എ-ലെവൽ പഠനം നടത്തുന്ന വിദ്യാർത്ഥിനിയുമാണ്.
സഹോദരങ്ങൾ പരേതനായ ആൻഡ്രൂസ് തോമസ് , ജെയ്സൺ തോമസ്, പ്രിൻസി ടോമി, പരേതയായ റോസിലി ദേവസി, ജെസ്സി തോമസ്, ഷീല ജോൺസൺ എന്നിവരാണ്. യോർക്ക് മലയാളി സമൂഹത്തിന് അവിസ്മരണീയമായ സംഗീത നിമിഷങ്ങൾ സമ്മാനിച്ച മോഡിയുടെ വിയോഗം എല്ലാവർക്കും തീരാനഷ്ടമാണ്.
