ലണ്ടൻ ഹോട്ടലിലെ വെടിവയ്പ്പ്: മലയാളി പെൺകുട്ടിക്ക് പരുക്കേൽപ്പിച്ച കേസിൽ ടർക്കിഷ് പൗരൻ കുറ്റക്കാരൻ

ലണ്ടൻ: ഈസ്റ്റ് ലണ്ടനിലെ ഹാക്നിയിലുള്ള എവിൻ റസ്റ്റോറന്റിൽ കഴിഞ്ഞ വർഷം മെയ് 29ന് നടന്ന വെടിവയ്പ്പിൽ ഒമ്പത് വയസുകാരിയായ മലയാളി പെൺകുട്ടിക്ക് ഗുരുതര പരുക്കേൽപ്പിച്ച കേസിൽ 33 വയസുകാരനായ ടർക്കിഷ് പൗരൻ ജാവോൺ റൈലി കുറ്റക്കാരനാണെന്ന് ഓൾഡ് ബെയിലി കോടതി കണ്ടെത്തി. ടോട്ടൻഹാം ടർക്സ്, ഹാക്നി ടർക്സ് എന്നീ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായി നടന്ന അക്രമത്തിൽ പെൺകുട്ടി ഉൾപ്പെടെ നാല് പേർക്ക് വെടിയേറ്റു. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടിയുടെ തലയോട്ടിയിൽ വെടിയുണ്ട തറച്ചത് ജീവിതകാലം മുഴുവൻ തളർച്ചയ്ക്ക് കാരണമായി.
എറണാകുളം നോർത്ത് പറവൂർ സ്വദേശികളായ വിനയ അബ്രഹാം, അജീഷ് ദമ്പതികളുടെ മകൾ ലിസ്സൽ മരിയയാണ് ദാരുണമായ അനുഭവത്തിന് ഇരയായത്. ബിർമിങ്ഹാമിൽ താമസിക്കുന്ന കുടുംബം സ്കൂൾ അവധിക്കാലത്ത് ലണ്ടനിലെ സുഹൃത്തുക്കളെ കാണാനെത്തിയപ്പോഴാണ് സംഭവം. തലച്ചോറിന് പരുക്കേറ്റ പെൺകുട്ടി മാസങ്ങളോളം അതിതീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞു. ഇടത് ഭാഗം പൂർണമായും തളർന്നതിനാൽ ടൈറ്റാനിയം പ്ലേറ്റും വെടിയുണ്ടയുമായി ജീവിക്കേണ്ട അവസ്ഥയിലാണ് പെൺകുട്ടി.
പ്രതി ജാവോൺ റൈലി റസ്റ്റോറന്റ് നിരീക്ഷിക്കുകയും അക്രമികൾക്ക് രക്ഷപ്പെടാൻ വാഹനം ഓടിക്കുകയും ചെയ്തതിന് കുറ്റക്കാരനാണ്. മൂന്ന് പുരുഷന്മാരെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഗുരുതരമായ ശാരീരിക ഉപദ്രവത്തിനും ഇയാൾക്കെതിരെ കോടതി വിധി പറഞ്ഞു. അക്രമികൾ ഉപയോഗിച്ച തോക്ക് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ലെങ്കിലും മറ്റ് തെളിവുകളുടെ അടിസ്ഥാനത്തിൽ റൈലിയെ കുറ്റക്കാരനായി കണ്ടെത്തി. പ്രതി മറ്റ് അക്രമികളുടെ വിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചതിനാൽ പൊലീസ് 15,000 പൗണ്ട് പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
അടുത്ത മാസം 12ന് ശിക്ഷാവിധി പ്രഖ്യാപിക്കും. കുടുംബം മാനസികവും സാമ്പത്തികവുമായി തകർന്ന അവസ്ഥയിലാണെന്ന് പെൺകുട്ടിയുടെ അമ്മ കോടതിയിൽ മൊഴിനൽകി. ഗുണ്ടാസംഘങ്ങളുടെ അക്രമങ്ങൾ തടയാൻ കർശന നടപടികൾ വേണമെന്ന് മെട്രോപൊളിറ്റൻ പൊലീസ് ആവശ്യപ്പെട്ടു.
English summary: A 33-year-old Turkish citizen, Javon Riley, was convicted in London for his role in a gang-related shooting that severely injured a nine-year-old Malayali girl, leaving her permanently disabled.