ലണ്ടനിൽ റെസ്റ്റോറന്റിൽ തീവെപ്പ്: കൗമാരക്കാരനും മധ്യവയസ്കനും പോലീസ് കസ്റ്റഡിയിൽ

ലണ്ടൻ: കിഴക്കൻ ലണ്ടനിലെ ഇൽഫോർഡിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ അരോമ റെസ്റ്റോറന്റിൽ വെള്ളിയാഴ്ച രാത്രി ഉണ്ടായ തീവെപ്പ് ഭീതിയും ആശങ്കയും പരത്തിയിരിക്കുകയാണ്. സംശയാസ്പദമായ തീപിടിത്തത്തിൽ അഞ്ച് പേർ ഗുരുതരമായി പൊള്ളലേറ്റു. ജീവന് ഭീഷണി ഉണ്ടാക്കുന്ന തരത്തിലുള്ള ആക്രമണമെന്നാരോപിച്ച് 15 കാരനായ ഒരു കൗമാരക്കാരനെയും 54 കാരനായ ഒരാളെയും മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തു.
തീ രാത്രി 9 മണിയോടെ പടർന്നതോടെ പ്രദേശവാസികൾ തെരുവിലേക്കു പാഞ്ഞിറങ്ങി. റെസ്റ്റോറന്റിൽ നിന്നിറങ്ങിയ ഒരാളുടെ ശരീരം മുഴുവൻ തീയിൽ പൊതിഞ്ഞ നിലയിൽ തെരുവിൽ ഓടുന്നതും നാട്ടുകാർ വെള്ളം ഒഴിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചതും പ്രദേശവാസികൾ പറയുന്നു. തീ അഗ്നിശമന സേന ഏകദേശം 90 മിനിറ്റിനുള്ളിൽ നിയന്ത്രണത്തിലാക്കി.
പരിക്കേറ്റവരിൽ ഒരു പുരുഷനും സ്ത്രീയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. മറ്റ് മൂന്ന് പേരും ചികിത്സയിലാണ്. ഇതിന് പുറമെ, രണ്ട് പേർ കൂടി പൊള്ളലേറ്റ് സ്ഥലത്ത് നിന്ന് മാറിയിരിക്കാമെന്ന സംശയം പോലീസ് ഉന്നയിച്ചു. ഒമ്പത് പേർ അടിയന്തര സേവനങ്ങൾ എത്തും മുമ്പ് കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞു.
“ഞെട്ടിക്കുന്ന ഈ സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നു. വിവരമുള്ളവർ പോലീസുമായി ബന്ധപ്പെടണം,” ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ മാർക്ക് റോജേഴ്സ് വ്യക്തമാക്കി. അറസ്റ്റിലായവർ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. സംഭവത്തിന്റെ പിന്നിലെ ലക്ഷ്യങ്ങളും പശ്ചാത്തലവും കണ്ടെത്താനുള്ള അന്വേഷണത്തിൽ പോലീസ് സംഘം മുഴുവൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.
English summary: East London restaurant fire leaves five injured; two men aged 15 and 54 arrested on suspicion of arson.