മാഞ്ചസ്റ്റർ വോളിബോൾ ടൂർണ്ണമെൻ്റ്: കിരീടം ബാസിൽഡൺ സിക്സസിന്

Nov 4, 2025 - 05:12
 0
മാഞ്ചസ്റ്റർ വോളിബോൾ ടൂർണ്ണമെൻ്റ്: കിരീടം ബാസിൽഡൺ സിക്സസിന്

ലണ്ടൻ : യുകെയിലെ വോളിബോൾ പ്രേമികൾക്ക് ആവേശമായി, മാഞ്ചസ്റ്ററിൽ നീണ്ട ഇടവേളയ്ക്ക് ശേഷം ഇക്കഴിഞ്ഞ ഒക്ടോബർ 25 ശനിയാഴ്ച RDX വോളി ക്ലബ് മാഞ്ചസ്റ്ററിൻ്റെ നേതൃത്വത്തിൽ ഓൾ യുകെ വോളിബോൾ ടൂർണ്ണമെൻ്റ് വിജയകരമായി സംഘടിപ്പിച്ചു. ജയിൻ കമ്യൂണിറ്റി സെൻ്ററിൽ നടന്ന മത്സരം സംഘാടക മികവുകൊണ്ടും ടീമുകളുടെയും കാണികളുടെയും സ്പോൺസർമാരുടെയും പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. കാർഡിഫ് ഡ്രാഗൺസ്, കേംബ്രിഡ്ജ് സ്പൈക്കേഴ്സ്, ബാസിൽഡൺ സിക്സസ്, ഷെഫീൽഡ് സ്പൈക്കേഴ്സ്, പിവിസി പ്രെസ്റ്റൺ, എംവിസി മാഞ്ചസ്റ്റർ, എൽവിസി ലിവർപൂൾ, ആർഡിഎക്സ് മാഞ്ചസ്റ്റർ ഉൾപ്പെടെ യുകെയിലെ എട്ട് പ്രമുഖ ടീമുകളാണ് ടൂർണമെൻ്റിൽ അണിനിരന്നത്. കേരളത്തിലെയും ഇന്ത്യയിലെയും മികച്ച കളിക്കാർ പങ്കെടുത്തതോടെ ഓരോ മത്സരവും കാണികളുടെ നെഞ്ചിടിപ്പ് ഉയർത്തി ആവേശം വാനോളം എത്തിച്ചു.

രണ്ട് പൂളുകളായി തിരിച്ച് നടന്ന ലീഗ് മത്സരങ്ങൾക്ക് ശേഷം കാർഡിഫ് ഡ്രാഗൺസിനെ പരാജയപ്പെടുത്തി ബാസിൽഡൺ സിക്സസും, ഷെഫീൽഡ് സ്ട്രൈക്കേഴ്സിനെ വീഴ്ത്തി RDX മാഞ്ചസ്റ്ററും ഫൈനലിൽ പ്രവേശിച്ചു. രാവിലെ 9:30-ന് ആരംഭിച്ച ആവേശപ്പോരാട്ടങ്ങൾക്കൊടുവിൽ, രാത്രി 8:00 മണിയോടെയാണ് ഫൈനൽ മത്സരം നടന്നത്. റിച്ചാർഡിൻ്റെ നേതൃത്വത്തിലുള്ള ബാസിൽഡൺ ടീമും പ്രവീണിൻ്റെ നായകത്വത്തിലുള്ള RDX ടീമും പലപ്പോഴും തുല്യ പോയിൻ്റുകളോടെ ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും, ബാസിൽഡൺ സിക്സസ് നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് (26-24, 28-26) വിജയം സ്വന്തമാക്കി ചാമ്പ്യന്മാരായി.

ഒട്ടും ആവേശം ചോരാതെ നടന്ന ലൂസേഴ്സ് ഫൈനലിൽ ഷെഫീൽഡ് സ്ട്രൈക്കേഴ്സ് 15-14, 13-15, 07-15 എന്ന പോയിൻ്റ് ക്രമത്തിൽ കാർഡിഫ് ഡ്രാഗൺസിനെ കീഴടക്കി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ടൂർണ്ണമെൻ്റിലെ മികച്ച അറ്റാക്കറായി ബാസിൽഡൺ സിക്സസിൻ്റെ മാർട്ടിനും, മികച്ച സെറ്ററായി RDX മാഞ്ചസ്റ്ററിൻ്റെ ആകാശും തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് ഇൻഫിനിറ്റി മോർട്ട്ഗേജ് ആൻഡ് ഇൻഷുറൻസും, റണ്ണറപ്പുകൾക്ക് സ്റ്റാർലിംഗ് പ്രോപ്പർട്ടീസും, മൂന്നാം സ്ഥാനക്കാർക്ക് ലുലു മിനി മാർട്ടും, നാലാം സ്ഥാനക്കാർക്ക് ലോ & ലോയേഴ്സുമാണ് ട്രോഫിയും ക്യാഷ് പ്രൈസും സ്പോൺസർ ചെയ്തത്. ടൂർണമെൻ്റ് വൻ വിജയമാക്കിയ എല്ലാവർക്കും RDX മാഞ്ചസ്റ്റർ സംഘാടകർ നന്ദി അറിയിച്ചു.

Basildon Sixes won the All UK Volleyball Tournament, defeating RDX Manchester in a thrilling final in Manchester.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.